സാധാരണ രീതിയില്‍ഒരു റോക്കറ്റ് ബഹിരാകാശ ദൗത്യത്തിന് ശേഷം കത്തി നശിക്കാറാണ് പതിവ്. എന്നാല്‍ വീണ്ടും ഉപയോഗിക്കാവുന്ന തരം ബഹിരാകാശ വാഹനം അഥവാ ആര്‍എല്‍വി സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ് ഐഎസ്ആര്‍ഒ. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആര്‍എല്‍വിയുടെ ആദ്യ ഘട്ട പരീക്ഷണം നടത്തിയത്. പൂര്‍ണസജ്ജമായ ആര്‍എല്‍വിയെക്കാല്‍ ആറു മടങ്ങ് ചെറുതാണ് ഇപ്പോള്‍ പരീക്ഷണാര്‍ത്ഥം വിക്ഷേപിച്ചത്. വിമാനത്തിന്റെ മാതൃകയിലുള്ള വാഹനത്തിന് ഒന്നര ടണ്ണിലേറെ ഭാരമുണ്ട്. പരീക്ഷണം വിജയിച്ചാലും അന്തിമ സ്‌പേസ് ഷട്ടില്‍ സജ്ജമാകാന്‍ 15 വര്‍ഷത്തോളമെടുക്കുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍. അന്തിമ പരീക്ഷണങ്ങളും പരിശോധനകളുമെല്ലാം തൃപ്തികരമായിരുന്നെന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍പറഞ്ഞു.

പരീക്ഷണ വാഹനത്തിന് 6.5 മീറ്റര്‍നീളവും 1.75 ടണ്‍ഭാരവുമാണ് ഉള്ളതെങ്കില്‍ അന്തിമമായി രൂപകല്പന ചെയ്യുന്ന വിമാനാകൃതിയിലുള്ള വാഹനത്തിന് 32 മീറ്റര്‍നീളവും 72 ടണ്‍ ഭാരവുമാണുണ്ടാവുക. ശ്രീഹരിക്കോട്ടയിലെ കാലാവസ്ഥ കൂടി പരിഗണിച്ചായിരിക്കും വിക്ഷേപണ സമയം തീരുമാനിക്കുക. ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുക്കാന്‍പോകുന്ന വീണ്ടും ഉപയോഗിക്കാവുന്ന തരം ബഹിരാകാശ വാഹനം ബഹിരാകാശ ദൗത്യങ്ങളുടെ ചിലവ് വലിയ തോതില്‍ കുറയ്ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.