കുവൈത്ത് ഫിലിപ്പീന്‍സ് പ്രശ്നം രൂക്ഷമാകുന്നു
ഗാർഹിക തൊഴിൽ പ്രശ്നത്തിൽ നിലപാട് കടുപ്പിച്ച് ഫിലിപ്പൈൻസ്. കുവൈത്തിലേക്കുള്ള റിക്രൂട്ട്മെന്റ് പൂർണ്ണമായും അവസാനിപ്പിക്കാൻ പ്രസിഡന്റ് റോഡ്രീഗോ ഡ്യൂറ്റോർട്ടെ ആഹ്വാനംചെയ്തു. വിവിധ മേഖലകളിൽ ഫിലിപ്പീൻ പൗരൻമാർക്ക് പകരം മറ്റ് രാജ്യക്കാരെ നിയമിക്കണമെന്ന വികാരം കുവൈത്തിലും ശക്തമാണ്.
കുവൈത്തിൽ ജോലി ചെയ്യുന്ന മുഴുവൻ ഫിലിപ്പീനികളും തങ്ങളുടെ രാജ്യത്തേക്ക് മടങ്ങി വരണമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡ്യുട്ടോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു കുവൈത്തിലേക്കുള്ള മുഴുവൻ റിക്രൂട്ട്മെന്റുകൾക്കും സ്ഥിരം നിരോധനം ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. കുവൈത്തിലെ തങ്ങളുടെ പൗരന്മാരുടെ അവസ്ഥ വൻ ദുരന്തമായി വിശേഷിപ്പിച്ച ഡ്യുട്ടേർട്ട് രാജ്യത്ത് മികച്ച തൊഴിൽ അവസരങ്ങളാണു നിലനിൽക്കുന്നതെന്നും സൂചിപ്പിച്ചു. എന്നാൽ കുവൈത്തിൽ തുടരാൻ ആഗ്രഹിക്കുന്ന ഫിലിപ്പീനുകളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീടുകളിൽ പീഡനം നേരിടുന്ന തങ്ങളുടെ പൗരന്മാരെ എംബസിയുടെ നേതൃത്വത്തിൽ സമാന്തരമായി രക്ഷപ്പെടുത്തി കൊണ്ടു പോയ സംഭവമാണു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ ഇടയായത്. അതിനിടെ കുവൈത്തിൽ ഫിലിപ്പീൻ സ്വദേശികളുടെ സേവനത്തിനു പകരം മറ്റു രാജ്യക്കാരെ കണ്ടെത്തണമെന്ന വികാരവും സ്വദേശികൾക്കിടയിൽ വർദ്ധിച്ചു വരുന്നതായാണു റിപ്പോർട്ട്. ഫിലിപ്പീൻസ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തിനു അത്തരത്തിലുള്ള ബദൽ നീക്കത്തിലൂടെ മറുപടി നൽകണമെന്നാണു പ്രാദേശിക പത്രം നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഭൂരിഭാഗം സ്വദേശികളും പ്രകടിപ്പിച്ചത്.
