മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം ഹൊക്കൈഡോ ദ്വീപിലെ ഒരു പാര്‍ക്കിലെത്തിയതായിരുന്നു ഏഴുവയസ്സുകാരന്‍ യമാറ്റോ തനൂക. പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് നേരെ യൊമാറ്റോ കല്ലെറിഞ്ഞത് മാതാപിതാക്കളെ ചൊടിപ്പിച്ചു. കുട്ടിയെ ഒന്ന് വിരട്ടാന്‍ വേണ്ടി കരടി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ധാരാളമുള്ള കാടിന് സമീപത്തുള്ള വഴിയില്‍ ഇറക്കിവിട്ട് മാതാപിതാക്കളും സഹോദരിയും കാറില്‍ മടങ്ങി.
അരകിലോമീറ്റര്‍ കാറോടിച്ച് പോയശേഷം ഇവര്‍ തിരികെ വന്നപ്പോള്‍ യൊമാറ്റോയെ ഇറക്കിവിട്ടയിടത്ത് കാണാന്‍ കഴിഞ്ഞില്ല. പച്ചക്കറിയും പഴങ്ങളും ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോള്‍ കുട്ടിയെ കാണാതായി എന്നാണ് മാതാപിതാക്കള്‍ ആദ്യം പൊലീസിനെ അറിയിച്ചത്. എന്നാല്‍ പിന്നീട് ഇവര്‍ സത്യം തുറന്നുപറയുകയായിരുന്നു. ഇറക്കിവിട്ട സ്ഥലത്തുനിന്ന് മൂന്നോ നാലോ കിലോമീറ്റര്‍ ഇടറോഡിലൂടെ ഏതുദിശയിലേക്ക് പോയാലും പ്രധാന റോഡില്‍ എത്താന്‍ കഴിയും.
പക്ഷേ, കുട്ടി മലമുകളിലേക്കോ കാട്ടിലേക്കോ ആണ് കയറിയതെങ്കില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കുട്ടിയെ ഉപേക്ഷിച്ചതിന് മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മാതാപിതാക്കള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
