തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തെക്കുറിച്ച് മന്ത്രിസ്ഥാനം രാജിവെച്ച ഇ.പി.ജയരാജന്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തി. നിയമനങ്ങൾ നടത്തിയത് ചട്ടങ്ങൾ പാലിച്ചാണെന്ന് ജയരാജൻ പറഞ്ഞു. റിയാബിന്റെ പാനലിൽ നിന്നാണ് നിയമനങ്ങളെല്ലാം നടത്തിയത്. ചട്ടവിരുദ്ധമായി ആരെയും നിയമിച്ചിട്ടില്ല. തന്റെ ബന്ധുവായ സുധീർ നമ്പാരെ നിയമിച്ചതും ചട്ടം പാലിച്ചുതന്നെയാണ്. എന്നാല്‍ സുധീര്‍ ചുമതലയേറ്റെടുക്കാൻ സമയം നീട്ടിച്ചോദിച്ചു. ഭരണസ്തംഭനം ഒഴിവാക്കാനാണ് നിയമന ഉത്തരവ് റദ്ദാക്കിയതെന്നും ജയരാജൻ പറഞ്ഞു.
പ്രതിപക്ഷം എന്റെ രക്തത്തിന് വേണ്ടി ദാഹിച്ചു. എന്‍റെ രക്തം വേണമെങ്കിൽ തരാം. ഞാനെടുത്ത നടപടികൾ ചിലരെ അസ്വസ്ഥരാക്കി.12 ദിവസം മാധ്യമങ്ങൾ എന്നെ വേട്ടയാടി. കേരളത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കുവേണ്ടി മാധ്യമങ്ങൾ കൂട്ടുനിന്നു. വ്യവസായം തകർക്കുന്ന മാഫിയകളാണ് തനിക്കെതിരായ വാർത്തകൾക്ക് പിന്നിൽ . നിരവധി ഭീഷണികളുണ്ടായി. എന്നാല്‍ ഇതിനൊന്നും വഴങ്ങില്ല.
രാജ്യത്തിന് വേണ്ടിയാണ് പോരാടിയത്. വ്യവസായ മേഖല തകർച്ച നേരിടുമ്പോഴാണ് ചുമതലയേറ്റത്. പൊതുമേഖലാസ്ഥാപനങ്ങളിൽ ധൂർത്തും അഴിമതിയുമാണ്. പൊതുമേഖലാസ്ഥാപനങ്ങൾ തട്ടിയെടുക്കാനും ശ്രമമുണ്ടായി. അഴിമതിവിരുദ്ധ നിലപാട് ചിലർക്ക് കടന്നുകയറാനുള്ള അവസരം ഇല്ലാതാക്കി . ആരെയും നിയമിക്കാവുന്ന അവസ്ഥയായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത്. കെടുകാര്യസ്ഥതയ്ക്കെതിരെ പ്രവർത്തിച്ചപ്പോഴാണ് ശത്രുക്കളുണ്ടായതെന്നും ജയരാജന്‍ പറഞ്ഞു.
എന്നാല്‍ സുധീര്‍ നമ്പ്യാരുടെ നിയമനം താന്‍ അറിയാതെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനങ്ങളെല്ലാം മുഖ്യമന്ത്രി അറിയണമെന്നില്ലെന്നു പിണറായി പറഞ്ഞു. കീഴ്വഴക്കമെന്ന രീതിയിൽ വേണമെങ്കിൽ അറിയിക്കാം. വ്യവസായ വകുപ്പ് മാത്രമാണ് ഇക്കാര്യം തീരുമാനിച്ചത്. ഇ പി ജയരാജന്റെ നിലപാട് മൂല്യങ്ങൾ നിറഞ്ഞതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം നിമയസഭയില്‍ ബഹളം ആരംഭിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ഡി.സതീശന്‍ ആണ് നോട്ടീസ് നല്‍കിയത്.
