40 വീഡിയോ ക്ലിപ്പുകളുടെ ഫോറന്‍സിക്ക് പരിശോധനയില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 9ന് ജെഎന്‍യു ക്യാമ്പസില്‍ നടന്ന പരിപാടിക്കിടെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യ വിരുദ്ധമുദ്രാവാക്യം വിളിച്ചെന്ന് പൊലീസ് ഉറപ്പിക്കുന്നത്. രാജ്യദ്രോഹം,ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കരട് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 

കുറ്റപത്രമിപ്പോള്‍ ദില്ലി പൊലീസ് കമ്മീഷണറുടെ പരിഗണനയിലാണ്.വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ടായിരുന്ന കനയ്യകുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് കുറ്റപത്രത്തില്‍ എവിടെയും പറയുന്നില്ല. എന്നാല്‍ അന്ന് നടന്ന സംഭവങ്ങളെ തടുക്കാന്‍ കനയ്യകുമാര്‍ ഇടപെട്ടില്ലെന്നും, കനയ്യകുമാറിനെതിരെ ഏത് വകുപ്പാണ് ചാര്‍ത്തേണ്ടതെന്ന് കോടതിക്ക് തീരുമാനിക്കാമെന്നുമാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്.

ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ഖാലിദ്, അനിര്‍ബന്‍ ബട്ടാചാര്യ എന്നിവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നും, അഫ്‌സല്‍ ഗുരുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യ വിരുദ്ധ പോസ്റ്ററുകള്‍ ഒട്ടിച്ചെന്നും കരട് കുറ്റപത്രത്തില്‍ പൊലീസ് ആരോപിക്കുന്നു. ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയവരില്‍ പുറത്തു നിന്നുള്ള 9 പേരും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇവരില്‍ ചിലര്‍ കശ്മീര്‍ സ്വദേശികളാണ്. ജെഎന്‍യു ഭരണസമിതിയും, എബിവിപി, ഡിഎസ്‌യു സംഘടനകളില്‍ പെട്ട വിദ്യാര്‍ത്ഥികളുമാണ് സംഭവത്തിലെ ദൃക്‌സാക്ഷികളായി പൊലീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കേസില്‍ ഇതുവരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന് ആരോപിച്ച് എബിവിപി ഇന്ന് പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും..