തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖകരാര്‍ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാൻ മൂന്നു മാസം മുന്‍പ് നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ ഇനിയും പ്രവര്‍ത്തനം തുടങ്ങിയില്ല . ആസ്ഥാനത്തെ ചൊല്ലിയുള്ള ഭിന്നാഭിപ്രായവും കമ്മിഷന് ജീവനക്കാരെ നിയോഗിക്കാത്തതുമാണ് കാരണം
കഴിഞ്ഞ മേയ് 31 നാണ് സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.വിഴിഞ്ഞം തുറമുഖ കരാറിനെക്കുറിച്ചുള്ള സി.എ.ജി കണ്ടെത്തലുകളിലെ അന്വേഷണത്തിനാണ് ജുഡിഷ്യൽ കമ്മിഷനെ മന്ത്രിസഭാ യോഗം തീരുമാനിച്ചത് . റിട്ടേഡ് ഹൈക്കോടതി ജഡ്ജി സി.എൻ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിൽ മൂന്നംഗ കമ്മിഷൻ.
മുൻ ഷിപ്പിങ് സെക്രട്ടറി കെ മോഹൻദാസും ആഡിറ്റ് അക്കൗണ്ട്സ് സര്‍വീസിൽ നിന്ന് വിരമിച്ച പി.ജെ മാത്യുവും അംഗങ്ങള്‍. മേയ് 31 ന് തീരുമാനമെടുത്തെങ്കിലും വിജ്ഞാപനം ഇറങ്ങിയത് ഒന്നരമാസം കഴിഞ്ഞ്. അതായത് ജൂലൈ പതിനെട്ടിന് . ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് വിജ്ഞാപനം നിര്‍ദേശിക്കുന്നു.
പക്ഷേ വിജ്ഞാപനം ഇറങ്ങി ഒന്നരമാസമായിട്ടും കമ്മിഷന് പ്രവര്‍ത്തിച്ച് തുടങ്ങാനായില്ല . സിറ്റിങ്ങ് എറണാകുളത്ത് നടത്താമെന്ന നിര്‍ദേശം കമ്മിഷൻ വച്ചു .പക്ഷേ സിറ്റിങ് തിരുവനന്തപുരത്തെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി . കമ്മിഷന് പ്രവര്‍ത്തനം തുടങ്ങണമെങ്കിൽ സെക്രട്ടറിയെ സര്‍ക്കാര്‍ നിയമിക്കണം.അനുബന്ധ ജീവനക്കാരെയും നിയോഗിക്കണം.
പക്ഷേ രണ്ടുമായില്ല . ഫലത്തിൽ യു.ഡി.എഫ് കാലത്തെ കരാറിനെക്കുറിച്ച് അന്വേഷിക്കാൻ ഇടതു സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപനത്തിലൊതുങ്ങി നില്‍ക്കുന്നു . തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ പ്രധാന പ്രചരണ വിഷയമായിരുന്നു വിഴിഞ്ഞം കരാറെന്നതും ശ്രദ്ധേയം.
