ന്യൂഡല്‍ഹി: ഇസ്രത് ജഹാൻ കേസിൽ ഉത്തരവ് പറഞ്ഞ ഹൈക്കോടതി ജഡ്‍ജിയുടെ രാജി ദേശീയതലത്തിൽ ചര്‍ച്ചയാകുന്നു. അര്‍ഹതപ്പെട്ട പ്രമോഷൻ തടഞ്ഞുവെച്ചതിന് കാരണം ഇസ്രത് ജഹാൻ കേസാണെന്ന ആരോപണം ഗുജറാത്ത് ഹൈക്കോടതി ബാര്‍ അസോസിയേഷൻ തന്നെ ഉയര്‍ത്തിയിട്ടുണ്ട്.

 ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രമോഷൻ നൽകുന്നതിന് പകരം കര്‍ണാടക ഹൈക്കോടതിയിൽ നിന്ന് അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ചാണ് കര്‍ണാടക ഹൈക്കോടതി ജഡ്ജി ജയന്ത് പട്ടേൽ ഇന്നലെ രാജിവെച്ചത്. ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയാണ് ജയന്ത് പട്ടേൽ. പ്രമോഷൻ തടഞ്ഞുവെച്ചതിന് പിന്നിൽ അത്തരം സാഹചര്യങ്ങൾ കൂടിയുണ്ടെന്ന ആരോപണമുണ്ട്.

ആ കേസിന് ശേഷം ഇത് ആദ്യമായല്ല, പ്രമോഷൻ സമയത്തിന് മുമ്പ് ജസ്റ്റിസ് പട്ടേലിനെ സ്ഥലംമാറ്റുന്നത്. ഇസ്രത് ജഹാൻ കേസ് പരിഗണിച്ചത് കേസിന്‍റെ വസ്തുത മുൻനിര്‍ത്തി മാത്രമാണെന്ന് ഇതേകുറിച്ചുള്ള ചോദ്യത്തിന് ജയന്ത് പട്ടേൽ പ്രതികരിച്ചു. ജസ്റ്റിസ് പട്ടേലിനെ സ്ഥലംമാറ്റിയതിനെതിരെ കര്‍ണാടക ഹൈക്കോടതിയിലെയും, ഗുജറാത്ത് ഹൈക്കോടതിയിലെയും ബാര്‍ അസോസിയേഷനുകൾ രംഗത്തെത്തിയിട്ടുണ്ട്.

സമരത്തിനൊപ്പം നിയമ നടപടികളും ആലോചിക്കുമെന്ന് അസോസിയേഷനുകൾ വ്യക്തമാക്കി. ഗുജറാത്തിൽ ബി.ജെ.പിയോടുള്ള പട്ടേൽ സമുയാദത്തിന്‍റെ അതൃപ്തി തുടരുമ്പോഴാണ് ആ സമുദായത്തിൽ നിന്നുള്ള ജഡ്ജിയുടെ രാജി വിവാദമാകുന്നത്.