സർക്കാറിനെതിരെ രൂക്ഷമായ വിമർശനവുമായി ഭരണ കക്ഷി എംഎൽഎ കെ കൃഷ്ണൻ കുട്ടി. വൻ കിട പദ്ധതികളിൽ മാത്രം ശ്രദ്ധവയ്‍ക്കുന്ന സർക്കാർ സാധാരണക്കാരുടെ പ്രശ്നങ്ങളെ അവഗണിക്കുകയാണ്. ഈ സ്ഥിതി തുടർന്നാണ് ഏതാനും മാസങ്ങൾക്കകം കർഷക ആത്മഹത്യകളുടെ നാടായി കേരളം മാറുമെന്നും കൃഷ്ണൻ കുട്ടി തുറന്നടിച്ചു.

കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോഴാണ് ഇടതു സർക്കാറിന്‍റെ നയങ്ങളെ അതി രൂക്ഷമായ ഭാഷയിൽ ഭരണ കക്ഷി എംഎൽഎയായ കെ കൃഷ്ണൻകുട്ടി വിമർശിച്ചത്. അസുഖം വന്നാൽ ചികിത്സിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിൽ മരണത്തിന് കീഴടങ്ങുകയാണ് സാധാരണക്കാർ. കർഷകരുടെ സ്ഥിതി ഭയാനകമാണ്. അടുത്ത ഒരു വർഷത്തേക്ക് കടബാധ്യതയിൽ നിന്ന് കരകയറാനോ, കൃഷി ഇറക്കാനോ കർഷകർക്കാകില്ല. ഇതേക്കുറിച്ച് സർക്കാർ പഠിക്കാനോ പ്രതിവിധികൾ തേടാനോ തയ്യാറാകുന്നില്ലെന്നും കൃഷ്ണൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു..

സംസ്ഥാന സർക്കാറിന്‍റെ ബജറ്റ് പോലും സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം വൻകിട വികസന പദ്ധതികളാണ് മുന്നോട്ടു വക്കുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ മന്ത്രിമാർക്ക് മനസ്സിലാകുന്നില്ലെന്നും കൃഷ്ണൻകുട്ടി തുറന്നടിക്കുന്നു. ഈ സ്ഥിതി തുടർന്നാൽ കൂട്ട ആത്മഹത്യകൾക്ക് അധികം താമസമില്ലെന്നാണ് ജനതാദൾ എംഎൽഎയുടെ മുന്നറിയിപ്പ്. നിയമ സഭാ അംഗമെന്ന നിലയിലല്ല, കർഷകൻ എന്ന നിലയിലാണ് ആശങ്ക പങ്കുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.