സാമുദായിക ഐക്യം തകർക്കാനുള്ള നീക്കം സർക്കാർ ശക്തമായി നേരിടുമെന്നും കെ.ടി.ജലീല്‍

താനൂര്‍: വ്യാജഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ നടന്ന താനൂര്‍ ടൗണില്‍ മന്ത്രി കെ.ടി.ജലീല്‍ സന്ദര്‍ശനം നടത്തി. ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്ത കടകള്‍ സന്ദര്‍ശിച്ച മന്ത്രി കടക്കാര്‍ക്ക് സ്വന്തം നിലയിലും സര്‍ക്കാര്‍ തലത്തിലും സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചു. 

ബാബറി മസ്ജിദ് തകർത്ത സമയത്ത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ കാണിച്ച വലിയ മാത്യക സഹോദൻ ഹൈദരലി ശിഹാബ് തങ്ങളിൽ നിന്ന് ഉണ്ടായില്ലേയെന്ന് സംശയം ഉയരുന്നുവെന്ന് സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി പറഞ്ഞു. അക്രത്തിൽ ഇരകളായ കച്ചവടക്കാരെ സർക്കാർ സഹായത്തിനു പുറമേ സാന്പത്തികമായും സഹായിക്കും. ഇതിനായി തന്‍റെ നേതൃത്വത്തില്‍ പ്രത്യേക സഹായനിധിയുണ്ടാക്കും. ഇതിലേക്ക് താന്‍ 25,000 രൂപ നല്‍കും. 

അക്രമികളെ കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് വീഴ്ച്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്നും സാമുദായിക ഐക്യം തകർക്കാനുള്ള നീക്കം സർക്കാർ ശക്തമായി നേരിടുമെന്നും കെ.ടി.ജലീല്‍ പറഞ്ഞു. ജില്ലാ കലക്ടർ അമിത് മീണയും എസ്.പി.ദേബേഷ് കുമാർ ബഹ്റയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.