Asianet News MalayalamAsianet News Malayalam

സുധികുമാര്‍ ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ തന്നെ ഉണ്ടാകും; ഭീഷണികള്‍ക്ക് മന്ത്രിയുടെ മറുപടി

kadakampally Surendran facebook post on Chettikulangara temple controversy
Author
First Published Sep 27, 2017, 5:34 PM IST

തിരുവനന്തപുരം: അബ്രാഹ്മണനെ ചെട്ടിക്കുളര ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി നിയമിച്ചതിനെതിരെയുള്ള ഭീഷണകള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുധികുമാര്‍ ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ തന്നെ ഉണ്ടാകും, കീഴ്ശാന്തിയെന്ന നിയോഗവുമായെന്ന് മന്ത്രി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

ആലപ്പുഴ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി നിയമിച്ച സുധികുമാറിന് വധഭീഷണി. കൊലപ്പെടുത്തുമെന്ന്  ക്ഷേത്രത്തിലെ ശാന്തി ചിങ്ങോലി നാരായണന്‍ ഭീഷണിപ്പെടുത്തിയെന്ന് സുധികുമാര്‍ ആരോപിച്ചിരുന്നു. സുധികുമാര്‍ കായംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.  അബ്രാഹ്മണനായ സുധി കുമാര്‍ ഇന്ന് കീഴ്ശാന്തിയായി ചുമതലയേല്‍ക്കാനിരിക്കുകയായിരുന്നു.  സുധികുമാര്‍ കീഴ്ശാന്തിയാകുന്നതിനെതിരെ ക്ഷേത്രം തന്ത്രി ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.

ചില സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കീഴ്ശാന്തി സുധീറിന് നല്‍കിയ നിയമനം ബോര്‍ഡ് നേരത്തെ റദ്ദാക്കിയിരുന്നു. ബോര്‍ഡിന്റെ തീരുമാനം തെറ്റാണെന്ന് നിയമസെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ അബ്രാമണനായ സുധീറിനെ കീഴ്ശാന്തിയായി നിയമിക്കാനുള്ള ദേവസ്വം ബോഡിന്റെ തീരുമാനത്തിനെതികെ ചില സംഘടനകള്‍ രംഗത്തെത്തി. ഇതിനെ രൂക്ഷമായി വിമര്‍ശിച്ചാണ് മന്ത്രിയുടെ പ്രതികരണം.

സുധികുമാറിനെ ചെട്ടിക്കുളങ്ങര ശാന്തിയാക്കിയുള്ള നിയമന ഉത്തരവ് അബ്രാഹ്മണനെന്ന കാരണത്താല്‍ റദ്ദാക്കിയ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ക്കെതിരെ നിയമപരമായ തുടര്‍നടപടി ഉണ്ടാകും.  ചാതുര്‍വര്‍ണ്യത്തിന്റെ പുന:സ്ഥാപനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് സുധികുമാര്‍ ശാന്തിയാകുന്നത് ചതുര്‍ത്ഥിയായി തോന്നാം. ഇത് കേരളമാണെന്നേ അത്തരക്കാരെ ഓര്‍മ്മിപ്പിക്കാനുള്ളൂ. ആചാരക്രമങ്ങള്‍ പഠിക്കുകയും, പാലിക്കുകയും ചെയ്യുന്ന സുധികുമാറിനെ അബ്രാഹ്മണനാണെന്ന ഒറ്റക്കാരണത്താല്‍ ശാന്തിയായി ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ സുധികുമാറിനെ ശാന്തിയായി നിയമിച്ച ഉത്തരവ് റദ്ദ് ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് തിരുത്തണമെന്ന നിര്‍ദ്ദേശം ഞാന്‍, ദേവസ്വംവകുപ്പ് സെക്രട്ടറി  കെ. ആര്‍. ജ്യോതിലാലിന് നല്‍കിയിരുന്നു. സുധികുുമാറിനെ ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ തന്നെ നിയമിക്കണമെന്ന നിര്‍ദ്ദേശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. 

സുധികുമാറിനെ ചെട്ടിക്കുളങ്ങര ശാന്തിയാക്കിയുള്ള നിയമന ഉത്തരവ് അബ്രാഹ്മണനെന്ന കാരണത്താല്‍ റദ്ദാക്കിയ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ക്കെതിരെ നിയമപരമായ തുടര്‍നടപടി ഉണ്ടാകും. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായ നടപടിയാണ് കമ്മീഷണറുടെ ഭാഗത്ത് നിന്നുണ്ടായത്.  സുധികുമാറിനെ ക്ഷേത്രത്തില്‍ പൂജയ്ക്ക് കയറാന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസുകാര്‍ ഭീഷണിപ്പെടുത്തിയതായും, അവര്‍ക്കൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ചില പ്രധാനികളും ഉള്ളതായും എന്നെ വന്നുകണ്ടപ്പോള്‍ സുധികുമാര്‍ പരാതി പറഞ്ഞിരുന്നു. 

12 വര്‍ഷത്തോളമായി കേരളത്തിലെ പ്രധാനപ്പെട്ട 7 ക്ഷേത്രങ്ങളില്‍ ശാന്തി ജോലി ചെയ്ത അനുഭവപരിചയമുണ്ട് സുധികുമാറിന്. ചാതുര്‍വര്‍ണ്യത്തിന്റെ പുന:സ്ഥാപനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് സുധികുമാര്‍ ശാന്തിയാകുന്നത് ചതുര്‍ത്ഥിയായി തോന്നാം. ഇത് കേരളമാണെന്നേ അത്തരക്കാരെ ഓര്‍മ്മിപ്പിക്കാനുള്ളൂ. ആചാരക്രമങ്ങള്‍ പഠിക്കുകയും, പാലിക്കുകയും ചെയ്യുന്ന സുധികുമാറിനെ അബ്രാഹ്മണനാണെന്ന ഒറ്റക്കാരണത്താല്‍ ശാന്തിയായി ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഒരു കാര്യം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കാം.  സുധികുമാര്‍ ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ തന്നെ ഉണ്ടാകും, കീഴ്ശാന്തിയെന്ന നിയോഗവുമായി.

Follow Us:
Download App:
  • android
  • ios