തൃശൂര്‍: സ്‌കൂള്‍ കലോത്സവത്തിന്റെ അന്തസ് തകര്‍ത്ത വ്യാജ അപ്പീല്‍ മാഫിയാ തലവന് വേണ്ടി െ്രെകംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. തിരുവനന്തപുരം കണ്ടക്കോട് വട്ടപ്പാറ സ്വദേശി ചിലക്കാട്ടില്‍ സുകുമാരന്‍ മകന്‍ സതികുമാറിന്റെ ലുക്കൗട്ട് നോട്ടീസാണ് പുറത്തിറക്കിയത്.

കലോത്സവത്തില്‍ കേരള സംസ്ഥാന ബാലാവകാശ കമ്മിഷന്റേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ അപ്പീലുകളാണ് സതികുമാറും കൂട്ടരും തയ്യാറാക്കി മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നത്. ഈ വിധം പത്ത് അപ്പീലുകള്‍ കലോത്സവത്തിനിടെ ബന്ധപ്പെട്ടവര്‍ക്ക് ലഭ്യമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. നൃത്താധ്യാപകരായ മാനന്തവാടി സ്വദേശി ജോബി ജോര്‍ജ്, ചേര്‍പ്പ് സ്വദേശി സൂരജ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

നൃത്താധ്യാപകരായ മറ്റു ചിലരും നിരീക്ഷണത്തിലാണ്. റിമാന്റില്‍ കഴിയുന്ന ജോബി ജോര്‍ജും സൂരജ്കുമാറും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആറ് നൃത്താധ്യാപകരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിട്ടുമുണ്ട്. ഇവരെ ഇതുവരെയും വിട്ടയച്ചിട്ടില്ലെന്നും സൂചനയുണ്ട്. എറണാകുളം െ്രെകംബ്രാഞ്ച് എസ്പി പി എന്‍ ഉണ്ണിരാജയുടെ നേതൃത്വത്തിലാണ് അന്വേഷണവും ചോദ്യം ചെയ്യലും. സതികുമാറാണ് തങ്ങള്‍ക്ക് അപ്പീല്‍ പേപ്പറുകള്‍ തയ്യാറാക്കി തന്നതെന്നാണ് അധ്യാപകരുടെ മൊഴി. അതിനിടെ സതികുമാര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.