റിമയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ മാനസിക പീഡനമാണെന്നാണ് റിമയുടെ കുടുംബം ആരോപിക്കുന്നത്.
കണ്ണൂർ: കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ പുഴയില ചാടി യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റിമയും ഭർത്താവ് കമൽരാജും രണ്ട് വർഷത്തോളമായി വേർപിരിഞ്ഞാണ് കഴിയുന്നതെന്നും കുഞ്ഞിനെ വേണമെന്ന് ഭർത്താവ് വാശി പിടിച്ചതാകാം ആത്മഹത്യയ്ക്ക് കാരണമെന്നും സഹോദരി ഭർത്താവ് ഷിനോജ് പറയുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ഭർത്താവ് വിദേശത്ത് നിന്നെത്തിയത്. കുഞ്ഞിനെ കൊണ്ടുപോകാനായി ഭർത്താവ് എത്തിയിരുന്നുവെന്നും അവർക്കൊപ്പം റിമയും പോയിരുന്നു. വിവാഹ മോചനത്തിലേക്ക് എത്തി നിൽക്കുന്ന സാഹചര്യമായിരുന്നു.
ഇന്നലെ രാത്രിയാണ് ഒന്നരകിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്ന് സ്കൂട്ടറിൽ മകനുമായി റിമ പുഴയുടെ സമീപത്തെത്തിയത്. കുഞ്ഞിനെ ബെൽറ്റ് കൊണ്ട് ശരീരത്തോട് ചേർത്ത് കെട്ടിയാണ് റിമ പുഴയിലേക്ക് ചാടിയത്. രണ്ട് മണിക്കൂർ മുമ്പാണ് പുഴയിൽ നിന്നും റിമയുടെ മൃതശരീരം ലഭിച്ചത്. കുഞ്ഞിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. റിമയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ മാനസിക പീഡനമാണെന്നാണ് റിമയുടെ കുടുംബം ആരോപിക്കുന്നത്. റിമയുടെ ആത്മഹത്യക്കുറിപ്പ് കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

