ഡ്രൈവറും കണ്ടക്ടറുമടക്കം ബസ് ജീവനക്കാരും അന്നത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ബസുകളിൽ ശേഖരിച്ച തുക ബക്കറ്റ് സഹിതം ജില്ലാ കളക്ടർക്ക് കൈമാറാനാണ് തീരുമാനം. 

കാസർഗോഡ്: ജില്ലയിലെ മുഴുവന്‍ സ്വാകര്യ ബസുകളിലെയും കണ്ടക്ടർമാരുടെ കയ്യിൽ ഓഗസ്റ്റ് 30ന് ടിക്കറ്റുണ്ടാവില്ല. പകരം ഒരോ ബക്കറ്റായിരിക്കും. യാത്രക്കാരന് ടിക്കറ്റ് തുകയോ അതിലധികമോ ഈ ബക്കറ്റിലിടാം. കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഈ തുക സഹായമായെത്തും. ഒരു ദിവസം കൊണ്ട് അരക്കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. 

450 സ്വകാര്യ ബസുകളാണ് കാസർഗോഡ് ജില്ലയിൽ സർവീസ് നടത്തുന്നത്. ഡ്രൈവറും കണ്ടക്ടറുമടക്കം ബസ് ജീവനക്കാരും അന്നത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ബസുകളിൽ ശേഖരിച്ച തുക ബക്കറ്റ് സഹിതം ജില്ലാ കളക്ടർക്ക് കൈമാറാനാണ് തീരുമാനം. 

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലും സന്നദ്ധ സംഘങ്ങളുടെ നേതൃത്വത്തിലുമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. കാസർഗോഡ് നിന്നും നൂറുകണക്കിന് പേരാണ് പ്രളയ ബാധിത മേഖലകളിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നത്. പ്രളയവും ഉരുൾപൊട്ടലും സംസ്ഥാനത്തെ മിക്ക ജില്ലകളേയും ബാധിച്ചപ്പോൾ കാസർഗോഡ് മാത്രമാണ് ദുരിതങ്ങളില്ലാതെ രക്ഷപ്പെട്ടത്.