പ്രതികളുടേതെന്ന് കരുതുന്ന മൊബൈൽ ഫോണും വിരലടയാളവും പൊലീസിന് കിട്ടിയിട്ടുണ്ട്. കണ്ണൂർ രജിസ്ട്രേഷനുള്ള ഒരു ജീപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം.

കാസർകോട്: പെരിയയിൽ ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരു ദിവസം പിന്നിടുമ്പോൾ കൊലപാതകികളെക്കുറിച്ച് പൊലീസിന് നിർണായകവിവരങ്ങൾ കിട്ടിയതായി സൂചന. സ്ഥലത്ത് എത്തിയ കണ്ണൂർ രജിസ്ട്രേഷനിലുള്ള ഒരു ജീപ്പിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥലത്ത് നിന്ന് കിട്ടിയ മൂന്ന് മൊബൈൽ ഫോണുകളിൽ ഒന്ന് പ്രതികളിൽ ഒരാളുടേതാണെന്നാണ് പൊലീസിന്‍റെ നിഗമനം. സ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളവും പൊലീസിന് കിട്ടിയിട്ടുണ്ട്. 

കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനുൾപ്പടെയുള്ളവർ ഒളിവിലാണ്. ഇവർക്ക് വേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

കണ്ണൂർ രജിസ്ട്രേഷനുള്ള ഈ ജീപ്പാണ് കൃപേഷിനെയും ശരത്‍ലാലിനെയും ഇടിച്ചിട്ടതെന്നാണ് കരുതുന്നത്. കൂടുതൽ പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഏഴ് പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇന്നലെ പൊലീസ് രണ്ട് സിപിഎം അനുഭാവികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ എല്ലാവരെയും ഇന്നും ചോദ്യം ചെയ്യും. 

സിപിഎം പ്രവർത്തകരെ കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സിപിഎം പ്രാദേശിക നേതൃത്വം കണ്ണൂരിൽ നിന്നുള്ള ഒരു സംഘത്തിന് ക്വട്ടേഷൻ നൽകിയെന്നാണ് സൂചന. കൊലപാതകം നടന്ന ദിവസം കല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ ഒരു കളിയാട്ട മഹോത്സവത്തിന്‍റെ സംഘാടക സമിതി രൂപീകരണയോഗം നടന്നിരുന്നു. ഈ സമയത്ത് കണ്ണൂർ രജിസ്ട്രേഷനുള്ള ഒരു വാഹനം സ്ഥലത്ത് കണ്ടുവെന്നാണ് പൊലീസിന് മൊഴി കിട്ടിയത്. കണ്ണൂരിലെ ക്വട്ടേഷൻ സംഘമാണോ കൊലയ്ക്ക് പിന്നിലെന്നുള്ള സംശയം ശക്തമാകാനുള്ള കാരണമിതാണ്. 

കൊലപാതകത്തിന് പിന്നിലുള്ളവർ കർണാടകത്തിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. അന്വേഷണം അതുകൊണ്ട് തന്നെ കർണാടകത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിന് കർണാടക പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും അവർ എല്ലാ സഹായവും ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, കേരളത്തിലെ പൊലീസിനെ വിശ്വാസമില്ലെന്നും, കേസന്വേഷണം സിബിഐയെ ഏൽപിക്കണമെന്നും കണ്ണൂർ ഡിസിസി പ്രസിഡന്‍റ് കെ സുധാകരൻ ആവശ്യപ്പെട്ടു. കേരളാ പൊലീസ് അന്വേഷിച്ചാൽ നീതി കിട്ടുമെന്ന് വിശ്വാസമില്ലെന്നും കൊലപാതകത്തിന് പിന്നിൽ പ്രാദേശിക സിപിഎം നേതാക്കളുടെ ഗൂഢാലോചനയാണെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ന്യൂസ് അവറിൽ' കെ സുധാകരൻ പറഞ്ഞു.

Read More: കാസര്‍കോട് ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് കൈമാറാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുധാകരന്‍

കാസർകോട്ടേത് രാഷ്ട്രീയ കൊലപാതകങ്ങൾ ആണെന്നും പിന്നിൽ സിപിഎം പ്രവർത്തകരാണെന്നുമാണ് പൊലീസിന്‍റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. നേരത്തെ സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള പ്രതികാരമാണ് കൊലപാതകമെന്നാണ് സൂചന. ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ ശരത്‍ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.

ഇന്നലെ ക്രൈംബ്രാഞ്ചിനെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു. കൊല്ലപ്പെട്ട കൃപേഷിന്‍റെ പരാതിയിൽ നേരത്തെ ബേക്കൽ പൊലീസ് കേസ് എടുത്തിരുന്നു. തനിക്ക് ഫേസ്ബുക്കിലൂടെയും വാട്‍സ് ആപ്പിലൂടെയും വധഭീഷണി ഉണ്ടെന്നായിരുന്നു കൃപേഷിന്‍റെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അരുണേശ്, നിഥിൻ, നീരജ് എന്നിവർക്കെതിരെ കേസ് എടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബര്‍ മൂന്നിനാണ് ഇവർക്കെതിരെ കേസ് എടുത്തതെന്നും പൊലീസ് അറിയിച്ചു.