തിരുവനന്തപുരം: അരങ്ങൊഴിഞ്ഞ നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർക്ക് അന്ത്യാഞ്ജലിയർപ്പിച്ച് സാംസ്കാരിക കേരളം. നാളെ വൈകീട്ട് നാലരയ്ക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
അരങ്ങൊഴിഞ്ഞ ആചാര്യന് ആദരവുമായി എത്തിയവരുടെ തിരക്കാണ് സോപാനത്തിൽ. കാവാലത്തിന് ജീവനും ജീവിതവുമായിരുന്നു സോപാനമെന്ന സ്വന്തം നാടകക്കളരി. തനത് നാടക ശൈലിയെന്ന ആശയത്തിന് ജീവൻ പകർന്നയിടം.
ഭാസന്‍റെയും കാളിദാസന്‍റെയും ഷേക്സ്പിയറിന്‍റെയും നാടകങ്ങൾക്ക് പുതിയഭാഷ്യം ചമച്ചയിടം. സോപാനത്തിൽ ആചാര്യനുറങ്ങുമ്പോള്‍ അദ്ദേഹത്തിന്‍റെ താളംതികഞ്ഞവരികൾ ആലപിച്ച്. ദേശീയ നാടകവേദിക്ക് തീർത്താൽ തീരാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കാവാലത്തെ അനുസ്മരിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി എസ് അച്യുതാനന്ദൻ, സാസ്ക്കാരിക മന്ത്രി എകെ ബാലന്‍ ,സുരേഷ്ഗോപി ശ്യാമപ്രസാദ് മുകേഷ്,മേതിൽ ദേവിക നീനപ്രസാദ് തുടങ്ങിയനിരവധിപേർ ആദരാഞ്ജലിയർപ്പിക്കാനെത്തി.
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം ജി രാധാകൃഷ്ണനും കാവാലത്തിന് അന്ത്യാഞ്ജലിയർപ്പിച്ചു.
നാളെ രാവിലെ മൂന്നുമണിക്ക് ഭൗതിക ശരീരം സ്വദേശമായ ആലപ്പുഴയിലെ കാവാലത്തേക്ക് കൊണ്ടുപോകും. വൈകീട്ട് നാലരയ്ക്ക്, ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിലാണ് സംസ്കാരം.
