തിരുവനന്തപുരം: അഡ്വ. ഹരീഷ് വാസുദേവന് ഏഷ്യാനെറ്റ് ന്യൂസിന്റെ കീര്‍ത്തിമുദ്ര പുരസ്കാരം. പരിസ്ഥിതി വിഭാഗത്തിലാണു പുരസ്കാരം. ഏഷ്യാനെറ്റ് ന്യൂസിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച യുവ പ്രതിഭകളെ ആദരിക്കുന്നതിനാണു കീര്‍ത്തിമുദ്ര പുരസ്കാരം നല്‍കുന്നത്.

ബാന്‍ എന്‍ഡോസള്‍ഫാന്‍, സേവ് മൂന്നാര്‍, സേവ് നെല്ലിയാമ്പതി, സേവ് വെറ്റ്‌ലാന്‍ഡ് തുടങ്ങി സമീപകാലത്തുനടന്ന നിരവധി പരിസ്ഥിതി സമരങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചയാളാണ് അഡ്വ. ഹരീഷ് വാസുദേവന്‍.

പരിസ്ഥിതി പ്രവര്‍ത്തക ഡോ. ലത അനന്ത, ശുചിത്വ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അജയകുമാര്‍ വര്‍മ, ഭൂമിക്കൊരു കൂട്ടായ്മ പരിപാടിയുടെ സാരഥി സി. ജയകുമാര്‍ എന്നിവരടങ്ങുന്ന ജൂറിയും പ്രേക്ഷകരും ചേര്‍ന്നാണ് അഡ്വ. ഹരീഷ് വാസുദേവനെ കീര്‍ത്തിമുദ്ര പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.

പരിസ്ഥിതിക്കു പുറമേ രാഷ്ട്രീയം, സാഹിത്യം, കായികം, സംഗീതം, കൃഷി എന്നീ മേഖലകളിലും പ്രതിഭകളെ കീര്‍ത്തിമുദ്ര പുരസ്കാരം നല്‍കി ആദരിക്കും. ഒരു ലക്ഷം രൂപയും ശില്‍പ്പവുമാണു പുരസ്കാരം.