ദില്ലി: കാലവര്‍ഷം ചതിച്ചതോടെ സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായി. പ്രധാന അണക്കെട്ടുകളിലെല്ലാം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജലനിരപ്പായതിനാൽ തലസ്ഥാന നഗരത്തിൽ കുടിവെള്ള വിതരണത്തിന് നിയന്ത്രണം വരും . ഇനി ഒരറിയിപ്പുണ്ടാകും വരെ നെയ്യാര്‍ ഡാമിൽ നിന്ന് കാര്‍ഷിക ആവശ്യത്തിന് വെള്ളം വിട്ട് കൊടുക്കേണ്ടെന്നാണ് തീരുമാനം
അരികുകൾ വിട്ട് അടിത്തട്ടിൽ മാത്രം ഇത്തിരി വെള്ളം . കാലവര്‍ഷം കനക്കുന്ന ഇക്കാലത്ത് 80 മില്യൻ മീറ്റര്‍ ക്യൂബ് വെള്ളമുണ്ടാകേണ്ടിടത്ത് ഇപ്പോഴുള്ളത് 33 മില്യൻ മീറ്റര്‍ ക്യൂബ് മാത്രം. ജലനിരപ്പ് ഉയരാത്ത സാഹചര്യത്തിൽ കാർഷികാവശ്യത്തിന് വെള്ളം വിട്ട് കൊടുക്കേണ്ടെന്ന് തീരുമാനിച്ചു. പ്രധാന കുടിവെള്ള സ്രോതസ്സായ പേപ്പാറയിലും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജലനിരപ്പാണ്.
കര്‍ക്കിടകം കഴിയും മുൻപ് പരമാവധി സംഭരണ ശേഷിയായ 107.5 അടിയിലെത്തേണ്ട ജലനിരപ്പിപ്പോൾ വെറും 98 അടിയാണ്. കുടിവെള്ള വിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന വാട്ടര്‍ അതോറിറ്റി അധികൃതരുടെ ശുപാര്‍ശ ജലവിഭവ വകുപ്പിന്‍റെ പരിഗണനയിലാണ്. ഇടുക്കി അടക്കം തെക്കൻ ജില്ലകളിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നത് പൊതുവെ തുലാമഴക്കാണ്.
എന്നാൽ വയനാട് ഉൾപ്പെടെ വടക്കൻ ജില്ലകളിലും രേഖപ്പെടുത്തിയത് 59 ശതമാനം മഴക്കുറവാണ് . ഈ സാഹചര്യത്തിൽ കൃഷിയും , ജലസേചനവും . ജലവിഭവവും മുതൽ ഭൂജല വകുപ്പ് അധികൃതർ വരെ പങ്കെടുക്കുന്ന അടിന്തര യോഗം ജില്ലാ തലത്തിൽ വിളിച്ച് ചേര്‍ക്കാനും അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാനും ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്
മഴക്കുറവ് മൂലമുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കാന്‍ തീരുമാനം . മഴവെള്ള സംഭരണത്തിനും തടയണകള്‍ , റെഗുലേറ്ററുകള്‍ എന്നിവ നന്നാക്കാനും കനാലുകള്‍, കുളങ്ങള്‍ എന്നിവ വൃത്തിയാക്കുന്നതിനുമാണ് ടാസ്ക് ഫോഴ്സുകള്‍ . മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത് . ഈ മാസവും അടുത്തമാസവും നല്ല മഴ കിട്ടിയില്ലെങ്കില്‍ പ്രതിസന്ധി കടുക്കുമെന്നും യോഗം വിലയിരുത്തി.
