
തിരുവവന്തപുരം: കലാഭവൻമണിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ആർ.എൽവി.രാമകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുടുംബം ആരോപിച്ചു. മന്ത്രി എ.സി.മൊയ്ദ്ദീൻ, ചാലക്കുടി എംഎൽഎ ബി.ഡി.ദേവസ്യ എന്നിവരും കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു.
മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്താനായില്ലെന്നും മെഥനോൾ മാത്രമാണുള്ളതെന്നും കേന്ദ്രലാബിലെ രാസപരിശോധനാഫലം വ്യക്തമാക്കിയിരുന്നു. മെഥനോൾ മരണകാരണമാകുമോയെന്ന് വിലയിരുത്താനായി പൊലീസ് വിദഗ്ദ മെഡിക്കൽ സംഘത്തിന്റെ സഹായം തേടിയിരിക്കുകയാണ്. മരണകാരണമാകില്ലെന്നാണ് ഉത്തരമെങ്കിൽ രോഗം മൂലമുള്ള സ്വാഭാവിക മരണമെന്ന നിഗമനത്തിലേക്കെത്താനാണ് പൊലീസിന്റെ ആലോചന. ഈ സാഹചര്യത്തിലാണ് കുടുംബം പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടത്.
മണി കൊല്ലപ്പെട്ടതാണെന്നും സഹായികൾക്കും സുഹൃത്തുക്കൾക്കും അറിവുണ്ടെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഉന്നത അന്വേഷണം ആവശ്യപ്പെടുന്നത്.
