പുരയിടത്തിൽ തീയിട്ടത് ആളിപ്പടരുകയായിരുന്നു. തീയണക്കാൻ ശ്രമിക്കവേയാണ് അപകടത്തിൽപെട്ടത്.

കൊല്ലം: കൊല്ലം മുഖത്തല നടുവിലേക്കരയിൽ മധ്യവയസ്കൻ വെന്തുമരിച്ചു. കാവനാട് കന്നിമേൽച്ചേരി സ്വദേശി ദയാനിധിയാണ് മരിച്ചത്. പുരയിടത്തിൽ തീയിട്ടത് ആളിപ്പടരുകയായിരുന്നു. തീയണക്കാൻ ശ്രമിക്കവേയാണ് അപകടത്തിൽപെട്ടത്. വളരെ ദാരുണമായ സംഭവമാണ് നടന്നത്. വാടകയ്ക്ക് നൽകിയിരിക്കുന്ന വീടിനോട് ചേർന്നാണ് അപകടം നടന്ന പറമ്പുള്ളത്. കാടുപിടിച്ച് കിടക്കുന്നത് കണ്ട് പറമ്പിൽ തീയിടാൻ എത്തിയതായിരുന്നു ദയാനിധി. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ വേ​ഗത്തിൽ തീ ആളിപ്പടർന്നു. തീ ആളിക്കത്തിയതിനെ തുടർന്ന് തുടർന്ന് അടുത്തുള്ള ആളുകളെയും ഫയർഫോഴ്സിനെയും ദയാനിധി വിവരമറിയിച്ചിരുന്നു. 

ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് തന്നെ പറമ്പ് കത്തി തീർന്നിരുന്നു. അതിനിടയിൽ തീ അണക്കാനുളള ശ്രമവും ദയാനിധി ന‌ടത്തിയിരുന്നു. എന്നാൽ 55കാരനായ അദ്ദേഹം തീയുടെ അകത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പൊള്ളലേറ്റ് മരണം സംഭവിക്കുകയായിരുന്നു. ഈ പുരയിടം വൃത്തിയാക്കാൻ ഇടയ്ക്ക് ദയാനിധി ഇവിടേക്ക് എത്താറുണ്ടായിരുന്നു. ആളുകളെല്ലാം ഓ‌ടിക്കൂടിയപ്പോഴേയ്ക്കും പൊള്ളലേറ്റ് അനക്കമില്ലാതെ നിലയിൽ കിടക്കുന്ന ദയാനിധിയെ ആണ് കണ്ടത്. പ്രദേശവാസിയായ ആളാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.