കൊച്ചി: കെ.എസ്.ഇ.ബി വാങ്ങിയ ഇലക്ട്രിക് കാറുകള്‍ റെന്റ് എ കാര്‍ സംവിധാനത്തിലൂടെ വാടകയ്‌ക്ക് നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ സജീവമായി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു.
വൈദ്യുതി ഉപയോഗിച്ച് ഓടുന്ന കാറുകള്‍ക്ക് പ്രചാരം നല്‍കുന്നതിന്റെ ഭാഗമായി ആറ് കാറുകള്‍ കെ.എസ്.ഇ.ബി വാങ്ങിയിരുന്നു. വായു മലിനീകരണം കുറയ്‌ക്കാനായി ഇലക്ട്രിക് കാറുകള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം, കൊച്ചി ,കോഴിക്കോട് എന്നിവിടങ്ങളിലെ ഓഫീസുകളിലുള്ള രണ്ട് വീതം കാറുകള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഈ കാറുകള്‍ വാടകയ്‌ക്ക് നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ സജീവമായി. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിക്കഴിഞ്ഞു.
ആദ്യഘട്ടത്തില്‍ 50 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ഒരുങ്ങുന്നത്. കാറുകള്‍ സാധാരണ പവര്‍ പ്ലഗുകളില്‍ ചാര്‍ജ് ചെയ്യാന്‍ ഏഴ് മണിക്കൂര്‍ സമയമെടുക്കും. ഒന്നേകാല്‍ മണിക്കൂറില്‍ ചാര്‍ജ് ചെയ്യാവുന്ന ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുകയാണ് ലക്ഷ്യം. സൗരോര്‍ജമുപയോഗിക്കാനാണ് തീരുമാനം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 110 കിലോമീറ്റര്‍ വരെ ഈ കാറുകള്‍ക്ക് യാത്ര ചെയ്യാനാകും. പെട്രോള്‍ പമ്പുകളുമായി ചേര്‍ന്ന് ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങുന്നതും കെ.എസ്.ഇ.ബിയുടെ പരിഗണനയിലുണ്ട്.
