കൂത്താട്ടുകുളം: കെ.എസ്.ആര്‍.ടി.സി കുടുംബപെന്‍ഷന്‍ മുടങ്ങി ജീവിതം വഴിമുട്ടിയ വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം കൂത്താട്ടുകുളം സ്വദേശി തങ്കമ്മയാണ് ആത്മഹത്യ ചെയ്തത്.
എട്ട് വര്‍ഷം മുന്‍പാണ് കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്ന ഇവരുടെ ഭര്‍ത്താവ് മാധവന്‍ മരണപ്പെടുന്നത്. തുടര്‍ന്ന് തങ്കമ്മയുടേയും ബുദ്ധിമാന്ദ്യമുള്ള മകന്റേയും ജീവിതം കെ.എസ്.ആര്‍.ടി.സിയുടെ കുടുംബപെന്‍ഷനെ ആശ്രയിച്ചായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് മാസമായി പെന്‍ഷന്‍ കിട്ടാതെ വന്നതോടെ ഇവര്‍ ഭക്ഷണത്തിന് പോലും കഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
ഇന്ന് രാവിലേയും ഇവര്‍ താന്‍ നേരിടുന്ന സാമ്പത്തികപ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. പിന്നീട് ഉച്ചയോടെയാണ് വീട്ടിലെ ജനലില്‍ തൂങ്ങിയ നിലയില്‍ തങ്കമ്മയെ അയല്‍വാസികള്‍ കണ്ടത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിച്ചു. കുത്താട്ടുകുളത്തെ സ്വകാര്യആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന തങ്കമ്മയുടെ മൃതദേഹം നാളെ ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
