രാഷ്ട്രീയ പാര്‍ട്ടികള്‍ കൈകോര്‍ത്ത് സമരത്തിനിറങ്ങുന്നു മൂന്നാറില്‍ 28ന്  ആയിരങ്ങള്‍ അണിനിരക്കുന്ന ഉപവാസ സമരം

ഇടുക്കി: മൂന്നാറില്‍ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയില്‍ സമരം ശക്തമാകുന്നു. എട്ടു വില്ലേജുകളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് അതിജീവന പോരാട്ടവേദിയുടെ നേത്യത്വത്തിലും, ദേവികുളം താലൂക്കിലെ പ്രശ്‌നങ്ങളില്‍ ശാശ്വത പരിഹാരം കാണുന്നതിന് മൂന്നാര്‍ സംരക്ഷണ സമിതിയുടെ നേത്യത്വത്തിലുമാണ് സമരങ്ങള്‍ നടക്കുന്നത്. 

അതിജീവനപോരാട്ടവേദിയുടെ നേത്യത്വത്തില്‍ മൂന്നാംഘട്ട സമരമാണ് ഇടുക്കിയില്‍ നടക്കുന്നത്. സമരത്തിന്റെ ഭാഗമായി 28 ന് മൂന്നാറില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന ഉപവാസ സമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളിലെ നേതാക്കന്മാരും ജനപ്രതിനിധികളുമെല്ലാം പങ്കെടുന്ന ഉപവാസ സമരം രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 ന് സമാപിക്കും. 

ഭൂമിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങള്‍ നടന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കൈകോര്‍ത്ത് സമരത്തിനിറങ്ങുന്നത്. ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ രക്ഷാധികാരിയായും മുന്‍ എം.എല്‍.എ യും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ ഏ.കെ മണി ചെയര്‍മാനുമായാണ് മൂന്നാര്‍ സംരക്ഷണ സമിതി എന്ന് പേരില്‍ രൂപം നല്‍കിയിരിക്കുന്നത്. 

ജില്ലയിലെ മറ്റിവിടങ്ങളില്‍ ഭൂമി സംബന്ധമായ പ്രശ്നങ്ങളില്‍ നിന്നും വ്യത്യസ്തമായ സാഹചര്യങ്ങള്‍ മൂന്നാറില്‍ നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സമരം. ഭൂരഹിതര്‍ക്ക് 11 വര്‍ഷങ്ങള്‍ക്കു മുമ്പ് 3400 പേര്‍ക്ക് പട്ടയം നല്‍കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതില്‍ 740 പേര്‍ക്ക് 10 സെന്റ് വീതം അനുവദിച്ചെങ്കിലും ബാക്കി 2400 പേര്‍ക്ക് ഇനിയും സ്ഥലം ലഭിച്ചിട്ടില്ല. രേഖകള്‍ നല്‍കിയെങ്കിലും സ്ഥലം കാണിച്ചുകൊടുത്തിട്ടില്ല. 

കെട്ടിട നിര്‍മ്മാണത്തിന് കളക്ടറുടെ എന്‍.ഒ.സി വാങ്ങണെന്ന ചട്ടവും മേഖലയില്‍ ഗുരുതരമായ പ്രതിസന്ധിയ്ക്കിടയാക്കുന്നുണ്ട്. മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും കാലങ്ങളായി താമസിക്കുന്നവര്‍ക്കും വ്യാപാരികള്‍ക്കും പട്ടയം നല്‍കണമെന്ന ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്. ജില്ലയിലെ 8 വില്ലേജുകളിലും ഭൂമി സംബന്ധമായ പ്രശ്നങ്ങളും നിര്‍മ്മാണ പ്രതിസന്ധികളുണ്ടെങ്കിലും കെ.ഡി.എച്ച് വില്ലേജിലെ സ്ഥിതി വ്യത്യസ്തമാണ്. 

കെ.ഡി.എച്ച് വില്ലേജിലെ എസ്റ്റേറ്റുകളിലുള്ള വീടുകള്‍ക്ക് 130 വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. കൂരയ്ക്ക് കേടുപറ്റിയാല്‍ പോലും അത് മാറ്റുവാന്‍ സമ്മതിക്കാതെ കമ്പനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. മറ്റൊരിടത്തും കാണാനാവാത്ത വിധമാണ് മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നതെന്നും സമരസമിതി വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് കാല്‍ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന സമരത്തിനും ആഹ്വാനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിജീവന പോരാട്ട വേദി പേരില്‍ നടത്തപ്പെടുന്ന സമരം മെയ് 7 ന് നടത്തുവാനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.