തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥി പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് നാളെ വിദ്യാർത്ഥികളുമായി വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തും. അതിനിടെ, പ്രിൻസിപ്പൽ ലക്ഷ്മി നായർ വിദ്യാർത്ഥികളോട് മോശമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തായി. പ്രിൻസിപ്പലിനെതിരെ പുതിയ പരാതികളുമായി വിദ്യാർത്ഥികൾ രംഗത്തെത്തി.

ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം രണ്ടാഴ്ച പിന്നിടുമ്പോഴാണ് സ‍ർക്കാരിൻറെ ഇടപെടൽ. മന്ത്രി സി രവീന്ദ്രനാഥ്, വിദ്യാർത്ഥികളുമായി നാളെ വൈകീട്ട് 4 മണിക്കാണ് ചർച്ച നടത്തുക. സമരപ്പന്തൽ സന്ദർശിച്ച പ്രതിപക്ഷ നേതാവിന്റെ അഭ്യർത്ഥന കൂടി മാനിച്ചാണ് ചർച്ച.

കേരള സർവ്വകലാശാല സിൻ‍ഡിക്കേറ്റ് ഉപസമിതിയുടെ തെളിവെടുപ്പിൽ നൂറിലേറെ കുട്ടികളാണ് പ്രിൻസിപ്പലിനും മാനേജ്മെൻറിനും എതിരെ പരാതിയുമായി വന്നത്. അതിനിടെ, ഹാജർ കുറഞ്ഞ വിദ്യാർത്ഥിയെ പ്രിൻസിപ്പൽ അസഭ്യം പറയുന്നതും ശകാരിക്കുന്നതുമായ ശബ്ദരേഖ സമരക്കാർ പുറത്തുവിട്ടു.

പ്രിൻസിപ്പൽ ജാതിപ്പേര് വിളിച്ചെന്ന രണ്ട് വിദ്യാർത്ഥികളുടെ പരാതി പട്ടികജാതി, പട്ടിക വർഗ്ഗ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു. മറ്റൊരു പരാതിയിൽ പ്രിൻസിപ്പൽ വിശദീകരണം നൽകണമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ആവശ്യപ്പെട്ടു. ലോ അക്കാദമി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് എവൈഐഎഫ് നാളെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.