തിരുവനന്തപുരം: ലോ അക്കാദമിയില്‍ ഗുരുതര പ്രശ്നങ്ങളെന്ന് കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ പ്രാഥമിക നിഗമനം. വിദ്യാര്‍ത്ഥികളുടെ ഇന്റേറണല്‍ മാര്‍ക്ക് നല്‍കുന്നതില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് വിലയിരുത്തല്‍. സമിതി നാളെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. അതിനിടെ അക്കാദമിയുടെ അഫിലിയേഷന്‍ രേഖകള്‍ കൈവശമില്ലെന്ന് കേരള സര്‍വ്വകലാശാല വ്യക്തമാക്കി.
പ്രിന്‍സിപ്പല്‍ ഇടപെട്ട് വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ മാര്‍ക്കും ഹാജറും തിരുത്തിയെന്ന പരാതിയില്‍ വാസ്തവമുണ്ടെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ പ്രാഥമിക കണ്ടെത്തല്‍. സര്‍വ്വകലാശാല ചട്ടം അനുസരിച്ച് ഇന്റേണല്‍ മാര്‍ക്ക് കോളേജിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ച് വിദ്യാര്‍ത്ഥികളുടെ പരാതി കൂടി കേള്‍ക്കണം. അതിനുശേഷമാണ് സര്‍വ്വകലാശാലക്ക് മാര്‍ക്ക് ലിസ്റ്റ് കൈമാറേണ്ടത്. എന്നാല്‍ ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുടെ ഭാഗം കേള്‍ക്കാതെ പ്രിന്‍സിപ്പല്‍ എല്ലാം തീരുമാനിക്കുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചത്.
രേഖകളില്‍ വ്യാപക തിരുത്തലുകള്‍ സമിതി കണ്ടെത്തി. മാര്‍ക്ക് ലിസ്റ്റ് അടക്കം വിദ്യാര്‍ത്ഥികള്‍ തെളിവായി കൈമാറിയിരുന്നു. തെളിവുകളും രേഖകളും സമിതി വിശദമായി പരിശോധിക്കുകയാണ്. അന്തിമ റിപ്പോര്‍ട്ടിന്മേല്‍ മറ്റന്നാള്‍ ചേരുന്ന നിര്‍ണ്ണായക സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുക്കുക. അതിനിടെ കൃത്യമായ രേഖകളൊന്നും ഇല്ലാതെയാണ് ലോ അക്കാദമിയുടെ പ്രവര്‍ത്തനമെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.
രേഖകളൊന്നും ഇല്ലെന്നാണ് വിവരവകാശ നിയമപ്രകാരം കേരള സര്‍വ്വകലാശാല നല്‍കിയ മറുപടി. 1982ല്‍ കോടതി ആവശ്യത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് നല്‍കിയ അഫിലിയേഷന്‍ രേഖകള്‍ തിരിച്ചെത്തിയില്ലെന്ന വിചിത്രവാദമാണ് സര്‍വ്വകലാശാല ഉന്നയിക്കുന്നത്. അതേസമയം, ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു. സമരത്തെ പിന്തുണച്ച്, ബിജെപി നേതാവ് വി മുരളീധരന്റെ 48 മണിക്കൂര്‍ ഉപവാസ സമരവും തുടരുകയാണ്.
