ഐ.എ.ഡി.എം.കെയുടെ ജനറല്‍ സെക്രട്ടറിയായി ജയലളിതയ്‌ക്ക് ശേഷം ശശികല സ്ഥാനമേറ്റെടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഡി.എം.കെയും നേതൃമാറ്റത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്. നിലവിലെ അദ്ധ്യക്ഷന്‍ കരുണാനിധിയുടെ മോശം ആരോഗ്യനില കണക്കിലെടുത്ത് പാര്‍ട്ടിയെ നയിക്കാന്‍ ജനസമ്മതിയും രാഷ്‌ട്രീയപരിചയവുമുള്ള ഒരാള്‍ തന്നെ വേണമെന്ന് പാ‍ര്‍ട്ടി കണക്കുകൂട്ടുന്നു. തന്റെ രാഷ്‌ട്രീയ പിന്‍ഗാമിയായി കലൈഞ്ജര്‍ തന്നെ പ്രഖ്യാപിച്ചിട്ടുള്ള സ്റ്റാലിനെ താല്‍ക്കാലിക അദ്ധ്യക്ഷനാക്കുന്ന കാര്യത്തില്‍ ഈ മാസം 20ന് ചേരുന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. പാര്‍ട്ടി അദ്ധ്യക്ഷന്‍ ജീവിച്ചിരിക്കെ മറ്റൊരു താല്‍കാലിക അദ്ധ്യക്ഷനെ നിയമിക്കണമെങ്കില്‍ പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യണമെന്നതിനാലാണ് ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കാന്‍ ഡി.എം.കെ തീരുമാനിച്ചത്.