ഗോഡിന് പകരം 'ഗുഡ്' എന്ന് വായിച്ചു; വിദ്യാര്‍ത്ഥിയെ അടിച്ച് പരിക്കേല്‍പ്പിച്ച മദ്രസാധ്യാപകന് തടവ് ശിക്ഷ

First Published 13, Jan 2018, 11:04 AM IST
madrasa teacher beats student
Highlights

കോഴിക്കോട്​: മദ്രസയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയെ മുഖത്തടിച്ചു പരിക്കേൽപ്പിച്ചെന്ന പരാതിയിൽ മദ്രസാധ്യാപകന്​ അഞ്ച്​ കൊല്ലം തടവും ഒരു ലക്ഷം രൂപ പിഴയും. കരുവാരക്കുണ്ട്​ പുലിയോടൻ വീട്ടിൽ പി.മുഹമ്മദ്​ ഷബീബ്​ ഫൈസിയെയാണ്​ (27) സ്ത്രീകള്‍ക്കും കുട്ടികൾക്കുമെതിരായ അക്രമണം തടയാനുള്ള പ്രത്യേക കോടതി ശിക്ഷിച്ചത്​. 

പിഴ സംഖ്യ കുട്ടിക്ക്​ നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ ഒരുകൊല്ലം കൂടി പ്രതി തടവനുഭവിക്കണമെന്നും വിധിയിലുണ്ട്​. 2014 ജനുവരി ഒന്നിന്​ നല്ലളം ബസാറിലെ മദ്രസയിൽ വച്ച്​ 'ദ നെയിം ഓഫ്​ ഗോഡ്​' എന്നത്​ ഗുഡ്​ എന്ന്​ തെറ്റായി വായിച്ചതിന്​ മുഖത്തടിച്ചെന്നാണ്​ കേസ്​. ചെവിക്ക്​ പരിക്കേറ്റ കുട്ടി ആദ്യം വീട്ടിൽ സംഭവം അറിയിച്ചെങ്കിലും കാര്യമാക്കിയിരുന്നില്ല.

എന്നാൽ വേദന കൂടി ഡോക്​ടർ പരിശോധിച്ചപ്പോൾ ഗുരുതര പരിക്കേറ്റതായി മനസിലായി. ഇതോടെ  മാതാപിതാക്കൾ നല്ലളം പൊലീസിൽ വിവരമറിയിച്ചു. ഷിബു ജോർജാണ് പ്രൊസിക്യൂഷന് വേണ്ടി ഹാജരായത്. പ്രൊസിക്യൂഷന്‍ കേസില്‍ 11 സാക്ഷികളെ വിസ്​തരിക്കുകയും  10 രേഖകൾ ഹാജരാക്കുകയും ചെയ്തു. ഇതില്‍ കുട്ടിയുടെയും ഡോക്ടറുടെയും മൊഴി നിര്‍ണ്ണായകമായി.

loader