ദോഹ: ഉപരോധത്തിനെതിരെ പ്രതിരോധം തീർത്ത് ഖത്തർ വിപണിയിലിറക്കിയ മെയ്ഡ് ഇൻ ഖത്തർ ഉത്പന്നങ്ങൾ തരംഗമാവുന്നു. പ്രാദേശിക ഫാ൦ ഉൽപന്നങ്ങൾ മുതൽ സോപ്പു പൊടി വരെയുള്ള ഉൽപന്നങ്ങൾ ഖത്തർ നിർമിതമായത് മാത്രം തിരഞ്ഞെടുത്താണ് സ്വദേശികളും വിദേശികളും ഖത്തറിന് പിന്തുണ അറിയിക്കുന്നത്.ഖത്തറിന് പുറമെ തുർക്കിയുടെ ഉൽപന്നങ്ങളും ഇതോടെ വിപണിയിൽ സജീവമാവുകയാണ്.

പാൽ ഉൽപന്നങ്ങൾ ഉൾപെടെ ചില ആവശ്യവസ്തുക്കൾ കഴിഞ്ഞ തിങ്കളാഴ്ച വരെ ദുബായ്, സൗദി അറേബ്യ തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നായിരുന്നു ദിവസവും ഖത്തറിൽ എത്തിയിരുന്നത്. ഈ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് അബൂസാമ്ര അതിർത്തി മുന്നറിയിപ്പില്ലാതെ അടച്ചതാണ് സർക്കാരിനെയും ജനങ്ങളെയും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. 

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പിറ്റേദിവസം തന്നെ നാല് കാർഗോ വിമാനങ്ങളിൽ മറ്റ് രാജ്യങ്ങളിൽ നിന്നും ഫ്രഷ് പാൽ എത്തിച്ചാണ് സർക്കാർ പകരം സംവിധാനം ഏർപ്പെടുത്തിയത്.ഒപ്പം പ്രാദേശിക ഉത്പന്നങ്ങൾ സംബന്ധിച്ച വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തിയ മന്ത്രാലയങ്ങൾ ഈ ഉൽപന്നങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കാൻ ജനങ്ങളോട് നിർദേശിക്കുകയും ചെയ്തു. 

ഇതേതുടർന്ന് രാജ്യത്തെ മിക്ക ചില്ലറ വിൽപന കേന്ദ്രങ്ങളിലും ഇപ്പോൾ മെയ്ഡ് ഇൻ ഖത്തർ ഉൽപന്നങ്ങൾ തരംഗമായിരിക്കുകയാണ്. ഞാൻ ഖത്തരി ഉൽപ്പന്നങ്ങളെ പിന്തുണക്കുന്നുവെന്ന ഹാഷ് ടാഗോടു കൂടിയാണ് സമൂഹ മാധ്യമങ്ങളിൽ സ്വദേശി കാമ്പയിൻ നടക്കുന്നത്.