ദുബായ് കാര്‍ ടാക്സി കമ്പനിയുടെ  ഓഫീസില്‍ ഇരുന്ന് ഒരു യുവാവ് കരയുന്ന വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്.

ദുബായ്: യുവാവ് കരയുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്തയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. അനുവാദമില്ലാതെ മറ്റൊരാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും അത് പ്രചരിപ്പിച്ചതിനുമാണ് നടപടി. ഇത്തരം പ്രവൃത്തികള്‍ക്ക് 1.5 ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ ദിര്‍ഹം പിഴശിക്ഷ ലഭിക്കാമെന്നും പൊലീസ് അറിയിച്ചു.

ദുബായ് കാര്‍ ടാക്സി കമ്പനിയുടെ ഓഫീസില്‍ ഇരുന്ന് ഒരു യുവാവ് കരയുന്ന വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. ട്രാഫിക് നിയമലംഘനത്തിന് വലിയ പിഴശിക്ഷ ലഭിച്ചയാളാണെന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയും രംഗത്തെത്തി. ദൃശ്യങ്ങളില്‍ കാണുന്നയാള്‍ ടാക്സി കമ്പനിയില്‍ ജോലി ചെയ്യുന്നില്ലെന്നും അയാള്‍ക്കെതിരെ ഒരു പിഴയും ചുമത്തിയിട്ടില്ലെന്നും അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. 

സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ ബന്ധുവിന് ലഭിച്ച 20,000 രൂപ പിഴയുടെ വിശദാംശങ്ങള്‍ അന്വേഷിക്കാനാണ് ഇയാള്‍ ഓഫീസിലെത്തിയത്. ഇത്രയധികം ദിര്‍ഹത്തിന്റെ പിഴ ഇയാളുടെ പേരില്‍ എങ്ങനെ വന്നുവെന്ന കാര്യം പരിശോധിക്കുകയാണ്. എന്നാല്‍ അനുവാദമില്ലാതെ വീഡിയോ പകര്‍ത്തി പ്രചരിച്ച ആള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആര്‍ടിഎ അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് വീഡിയോ പകര്‍ത്തിയ ആളെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. തുടര്‍നടപടികള്‍ക്കായി പ്രതിയെ പ്രോസിക്യൂഷന് കൈമാറി.