രോഗിയുടെ ഓക്‌സിജൻ സിലിണ്ടർ മകന്‍റെ തോളിൽ ചുമത്തി അധികൃതരുടെ ക്രൂരത ഉത്തർപ്രദേശിലെ ആഗ്ര മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം
ആഗ്ര: ഉത്തർപ്രദേശിലെ ആശുപത്രിയിൽ ആംബുലൻസ് കാത്ത് നിന്ന രോഗിയുടെ മകനെക്കൊണ്ട് ഓക്സിജൻ സിലിണ്ടർ ചുമപ്പിച്ച് അധികൃതരുടെ ക്രൂരത. ഉത്തർ പ്രദേശിലെ ആഗ്ര മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. ഓക്സിജൻ മാസ്ക് ധരിച്ച് അവശയായി നിൽക്കുന്ന സ്ത്രീയും സമീപത്ത് സിലിണ്ടർ തോളിൽ ചുമന്ന് നിൽക്കുന്ന മകന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി.
ആംബുലൻസിനായി അമ്മയും മകനും മണിക്കൂറുകളോളം കാത്തിരുന്നിട്ടും വാഹനം എത്തിയില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ആഗ്രയിലെ രുണക്ത ഗ്രാമത്തിലുള്ള അനുഗുര ദേവിയ്ക്കും മകനുമാണ് ദുര്യോഗമുണ്ടായത്. ശ്വാസതടസത്തെത്തുടര്ന്ന് വ്യാഴാഴ്ചയാണ് അനുഗുര ദേവിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം ആംബുലന്സിനായി വാര്ഡിന് പുറത്ത് കാത്തു നില്ക്കാന് അധികൃതര് ആവശ്യപ്പെട്ടു. വാര്ഡില് നിന്നും ട്രോമാ സെന്ററിലേക്ക് ദൂരമുള്ളതുകൊണ്ടാണ് ആംബുലന്സ് ആവശ്യമായി വന്നത്. സിലിണ്ടര് തോളിലേന്തി രോഗിയായ അമ്മയെയും കൊണ്ട് കുറെ നേരം കാത്തു നില്ക്കേണ്ടി വന്നതായി മകന് പറഞ്ഞു.
അതേസമയം, മെഡിക്കൽ കോളേജിന് നേരെ ഉയർന്ന ആരോപണം അധികൃതർ നിഷേധിച്ചു. രോഗിയെ മാറ്റുന്ന സമയത്ത് കുറച്ച് നേരം കാത്തിരിക്കണമെന്ന് വാർഡ് അറ്റൻഡർ ബന്ധുവിനോട് പറഞ്ഞിരുന്നു. ഈ സമയത്ത് ആരെങ്കിലും ഫോട്ടോ എടുത്തതായിരിക്കുമെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും ആശുപത്രി അധികൃതരുടെ വാദം. ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില് നടപടിയെടുക്കുമെന്നും ആശുപത്രി അധികൃതര് വ്യക്തമാക്കി.

