ജെ.പി നഗറിലുള്ള വീട് തന്റെ പേരിലാക്കിത്തരണമെന്നായിരുന്നു അഭിഷേക് അച്ഛനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അഭിഷേകിനും സഹോദരിക്കും തുല്യമായേ അവകാശം വീതിക്കൂവെന്ന് പരമേശ്വര്‍ വ്യക്തമാക്കി.  

ബംഗലൂരു: സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ സ്വന്തം അച്ഛന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത് മകന്‍. നാല്‍പതുകാരനായ അഭിഷേക് ചേതന്‍ എന്നാളാണ് 65കാരനായ അച്ഛനെ ക്രൂരമായി ആക്രമിച്ചത്. 

പറയത്തക്ക ജോലിയും വരുമാനവുമില്ലാത്ത അഭിഷേക് സ്വത്ത് ഭാഗിക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛന്‍ പരമേശ്വറുമായി വിയോജിപ്പിലാവുകയും തുടര്‍ന്ന് ഇത് വഴക്കിലെത്തുകയുമായിരുന്നു. ജെ.പി നഗറിലുള്ള വീട് തന്റെ പേരിലാക്കിത്തരണമെന്നായിരുന്നു അഭിഷേക് അച്ഛനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അഭിഷേകിനും സഹോദരിക്കും തുല്യമായേ അവകാശം വീതിക്കൂവെന്ന് പരമേശ്വര്‍ വ്യക്തമാക്കി. 

ഈ തര്‍ക്കമാണ് ഒടുവില്‍ കയ്യേറ്റത്തിലെത്തിയത്. പെട്ടെന്നുള്ള ക്ഷോഭത്തിനിടെ അഭിഷേക് വിരലുകളാഴ്ത്തി അച്ഛന്റെ കണ്ണ് ചൂഴ്‌ന്നെടുക്കുകയായിരുന്നു. വേദന കൊണ്ട് പരമേശ്വര്‍ അലറിയപ്പോഴേക്കും അഭിഷേക് രക്ഷപ്പെട്ടു. പരമേശ്വറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു കണ്ണ് പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടുണ്ട്. 

അമ്മയുടെ മരണത്തിന് ശേഷം സ്വത്ത് ഭാഗിക്കണമെന്നാവശ്യപ്പെട്ട് അഭിഷേക് പലപ്പോഴും അച്ഛനുമായി വഴക്ക് കൂടിയിട്ടുണ്ടെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.