മീററ്റ് : പ്രണയത്തിന്‍റെ പേരില്‍ മകളെ പിതാവ് കഴുത്തറുത്ത് കൊന്ന് കാമുകന്‍റെ വീടിന്‍റെ മുന്നില്‍ കൊണ്ടിട്ടു. പട്ടാപ്പകല്‍ മകളെ കൊന്നുതള്ളിയ പിതാവ് തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ചര്‍ത്താവലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ജബ്ബാര്‍ ഖുറേഷി എന്ന വസ്ത്രവ്യാപാരിയാണ് സ്വന്തം മകളെ കൊലചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ തങ്ങളുടെ മുറിയുടെ തൊട്ടുള്ള 15 വയസ്സുള്ള മകളുടെ മുറിയില്‍ നിന്നും ആരോ സംസാരിക്കുന്ന ശബ്ദം മാതാവിന്‍റെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് മകളുടെ മുറിയുടെ വാതിലില്‍ എത്തിയപ്പോള്‍ അതൊരു പുരുഷശബ്ദം ആണെന്ന് തിരിച്ചറിയുകയും മകള്‍ മുറി അകത്തു നിന്നും പൂട്ടിയിരിക്കുകയാണെന്നും മനസ്സിലാക്കി. 

തുടര്‍ന്ന് മുറി പുറത്തു നിന്നും പൂട്ടിയ ഇവര്‍ വിവരം ഭര്‍ത്താവിനെ ധരിപ്പിക്കുകയും ചെയ്തു. അത് തങ്ങളുടെ 17 കാരനായ മകന്‍ ദില്‍നാവാസ് അഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞ അയല്‍ക്കാര്‍ മകനെ ഖുറേഷി പൂട്ടിയിട്ടിരുന്നതിനാല്‍ പോലീസിനെ വിളിച്ചു വരുത്തി. തൊട്ടടുത്ത സ്‌റ്റേഷനില്‍ നിന്നുമെത്തിയ പോലീസ് ഖുറേഷിയുടെ എതിര്‍പ്പിനെ മറികടന്ന് മുറിയില്‍ നിന്നും അഹമ്മദിനെ മോചിപ്പിച്ചു. 

രാവിലെ എട്ടു മണിയോടെ വീട്ടിലെത്തിയ ജബ്ബാര്‍ ദില്‍നാവാസുമായുള്ള പ്രണയത്തിന്‍റെ പേരില്‍ മകളെ നന്നായി വഴക്കുപറഞ്ഞു. മകള്‍ ഇതിനെ എതിര്‍ത്തതോടെ ജബ്ബാര്‍ ഒരു കത്തിയെടുക്കുകയും മകളുടെ കഴുത്തുമുറിച്ചു കൊല്ലുകയും ചെയ്തു.

ഈ ക്രൂരത നടത്തിയ ശേഷം പോലീസ് സ്‌റ്റേഷനിലെത്തി തന്‍റെ കുറ്റകൃത്യം പറഞ്ഞ് കീഴടങ്ങി. ഖൂറേഷിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. സംഭവം രണ്ടു കുടുംബങ്ങളിലും സ്‌ഫോടനാത്മകമായ സാഹചര്യമാണ് ഉണ്ടാക്കിയത്. രണ്ടു കുടുംബാംഗങ്ങളും തമ്മിലുള്ള വഴക്കായി ഇത് മാറുകയും ചെയ്തിരുന്നു. ഇതിനിടയില്‍ തങ്ങള്‍ ഖുറേഷിയെ അറസ്റ്റ് ചെയ്തതായി പോലീസും വ്യക്തമാക്കിയിട്ടുണ്ട്.