കര്‍ഷകനെ കടിച്ച പാമ്പ് കാലില്‍നിന്ന് ഇറങ്ങിയില്ല

പാറ്റ്ന: കടിച്ച പാമ്പിനാല്‍ വിഷമിറക്കുക എന്നൊരു പഴമൊഴിയുണ്ട്, എന്നാല്‍ കടിച്ച പാമ്പ് കാലില്‍നിന്ന് ഇറങ്ങിപ്പോകാതിരുന്നാലോ... ബിഹാറില്‍ കര്‍ഷകനെ കടിച്ച പാമ്പ് പിന്നീട് ഇയാളുടെ കാലില്‍നിന്ന് ഇറങ്ങിപ്പോയില്ല. ആ കാലില്‍ ചുറ്റിപ്പിണഞ്ഞ് കിടന്നു. ഇതോടെ കര്‍ഷകന്‍ കാലില്‍ കടിച്ച പാമ്പുമായാണ് ആശുപത്രിയിലെത്തിയത്. 

ബിഹാറിലെ പാറ്റ്നയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ മധേപുരയിലാണ് സംഭവം. കൃഷിയിടത്തില്‍ പണിയെടുക്കുന്നതിനിടെ ഇയാള്‍ പാമ്പിനെ ചവിട്ടുകയും ഇതോടെ കര്‍ഷകവന്‍റെ ഇടത് കാലില്‍ പാമ്പിന്‍റെ കടിയേല്‍ക്കുകയുമായിരുന്നു. പക്ഷേ കടിച്ചതിന് ശേഷം പാമ്പിന് കാലില്‍നിന്ന് വിട്ടുമാറാനായില്ല. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാമ്പ് കാലില്‍ ചുറ്റിപ്പിണയുകയും ചെയ്തു. 

ആദ്യം പരിഭ്രാന്തിയിലായെങ്കിലും മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഇയാള്‍ പാമ്പുമായി ആശുപത്രിയിലെത്തി. തുടര്‍ന്ന് വെള്ളത്തിലുണ്ടാകുന്ന പാമ്പാണെന്ന് ആശുപത്രി അധികൃതര്‍ തിരിച്ചറിയുകയും പാമ്പിനെ കാലില്‍നിന്ന് വേര്‍പ്പെടുത്തുകയും ചെയ്തു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രിയില്‍നിന്ന് കര്‍ഷകനെ ഡിസ്ചാര്‍ജ് ചെയ്തു. പാമ്പിന് വിഷമില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി.