എന്തു കിട്ടിയാലും മോഷ്ടിക്കുന്ന ചിലരുണ്ട്. അതില്‍ നാം ഏറെ വിഷമിക്കാറുമുണ്ട്. ചിലപ്പോള്‍ ചില കള്ളന്മാരോട് നമുക്കും തോന്നും ആരാധനയും ബഹുമാനമൊക്കെ. അതേപോലെ കള്ളനുമുണ്ട് മോഷ്ടിക്കുന്നതിനോട് ഇത്തിരി ബഹുമാനമൊക്കെ. മോഷ്ടിച്ച വസ്തുവിനോട് ഇത്തിരി ആദരവ് കാണിച്ച സംഭവമാണ് ഇവിടെയും അരങ്ങേറിയത്. പത്തനം തിട്ട റാന്നിയിലാണ് ഏവരെയും അത്ഭുതപ്പെടുത്തിയ സംഭവം. 

വെങ്ങാലിക്കര അശ്വതിയില്‍ വി.കെ രാജഗോപാലിന്‍റെ വീട്ടില്‍ കയറിയ മോഷ്ടാവാണ് മോഷ്ടിച്ച വസ്തുവിനോട് ആദരവ് കാണിച്ചത്. സംഭവം ഇതാണ് കൈയില്‍ കിട്ടിയ സ്വര്‍ണാഭരണങ്ങളും പണവുമായി മുങ്ങുന്നതിനിടെയാണ് താലി കള്ളന്‍റെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ താലി മാത്രം മാറ്റിവച്ച് മറ്റ് സ്വര്‍ണാഭരണങ്ങളുമായി കള്ളന്‍ മുങ്ങി. ബുധനാഴ്ച രാത്രിയാണ് സംഭവം.

വീടിന്‍റെ മുകള്‍ നിലയില്‍ നിന്ന് ടെറസിലേക്കിറങ്ങുന്ന ഗ്രില്ലിന്‍റെ പൂട്ട് തകര്‍ത്താണ് കള്ളന്‍ അകത്തേക്ക് കടന്നത്. മുകള്‍ നിലയിലുള്ള അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്നെങ്കിലും ഒന്നും കിട്ടിയില്ല. പിന്നീട് താഴെ എത്തുകയായിരുന്നു. 

ജോലി കഴിഞ്ഞെത്തിയ രാജഗോപാലിന്‍റെ ഭാര്യ ആഭരണങ്ങളെല്ലാം ഊരി ബെഡ്‌റൂമിനോട് ചേര്‍ന്നുള്ള മേശപ്പുറത്ത് വച്ചതായിരുന്നു. കള്ളന്‍ ആഭരണങ്ങളെല്ലാം എടുത്ത ശേഷം വാനിറ്റി ബാഗിലുണ്ടായിരുന്ന നാനൂറോളം രൂപയും മോഷ്ടിച്ചു. വീടിനകത്ത് കയറിയ വഴിയൂടെയാണ് മോഷ്ടാവ് പുറത്തേക്ക് ഇറങ്ങിയതും. ഇതിനിടയിലാണ് താലി ശ്രദ്ധയില്‍പ്പെട്ടത്. മാലയില്‍ നിന്ന് താലിയൂരി മുകള്‍ നിലയിലെ മേശപ്പുറത്ത് വച്ച് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.

പിഡബ്ലുഡി ഉദ്യോഗസ്ഥനായ രാജഗോപാലും ഭാര്യയും വീട്ടിലുണ്ടായിരുന്നു, രാവിലെയാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ ഗേറ്റിലൂടെയാണ് മോഷ്ടാവ് മുകള്‍ നിലയിലേക്ക് കയറിയതെന്ന് കരുതുന്നു. പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പോലീസ് നടത്തിയ പരിശോധനയിലാണ് താലി കണ്ടത്.