കോട്ടയം കഞ്ഞിക്കുഴി ദേവലോകം സ്വദേശി ആലീസ് ജോർജെന്ന് വിളിക്കുന്ന ലീലാമ്മ ജോർജാണ് വിവാഹ തട്ടിപ്പിൽ അറസ്റ്റിലായത്. തട്ടിപ്പിനെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത് ഇങ്ങിനെ. ഭർത്താവ് ജീവിച്ചിരിക്കെ മരിച്ചു പോയതായി ഇടവക വികാരിയുടെ പേരിൽ വ്യാജകത്ത് തയ്യാറാക്കി ഒന്നിലേറെ വിവാഹങ്ങൾ നടത്തി വൻ തുക തട്ടിയെടുക്കലാണ് ഇവരുടെ രീതി. ഇതിന് സഹായിയായി കൊട്ടാരക്കര കുളക്കട സ്വദേശിയായ രാഷ്ട്രീയ നേതാവും കൂട്ടുനിന്നതായും ആരോപണം ഉണ്ട്. ഭാര്യ മരിച്ചു പോയവർ, ഭാര്യയുമായി പിണങ്ങി കഴിയുന്നവർ, എന്നിവരെ വിവാഹ പരസ്യത്തിലൂടെ ബന്ധപ്പെട്ടാണ് തട്ടിപ്പിന് കളമൊരുക്കിയിരുന്നത്.

കൊട്ടാരക്കര, കായംകുളം, പന്മന സ്വദേശികൾ ഇങ്ങിനെ തട്ടിപ്പിനിരയായിട്ടുണ്ട്. ഒടുവിൽ വിവാഹം ചെയ്ത കൊല്ലക സ്വദേശിക്ക് ഇവരുടെ സ്വഭാവത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നിരീക്ഷിച്ച് വരികയായിരുന്നു. ഇദ്ധേഹത്തിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇവരുടെ ആദ്യ ഭർത്താവ് അമ്പനാട് സ്വദേശി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിനിരയായവർ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പരാതി നൽകിയിരുന്നു. വിദേശത്ത് ജോലിചെയ്യുന്നതിനിടയിൽ തട്ടിപ്പുകേസിൽ ഇവർ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. അന്ന് സഹായിച്ച ആളെയും ഇവർ വിവാഹം ചെയത് പണം തട്ടിയെടുത്തിട്ടുണ്ട്.