പത്ത് സെന്റിനും 25 സെന്റിനും ഇടയില്‍ സ്ഥലം പട്ടയം നല്‍കുമ്പോള്‍ സ്ഥല വിലയുടെ പത്ത് ശതമാനം അടയ്ക്കണമെന്ന സര്‍ക്കാര്‍ നിയമമാണ് ഇവര്‍ക്ക് വെല്ലുവിളിയാകുന്നത്.

തൃശൂര്‍: 'കാശില്ലെങ്കില്‍ കൈവശമിരിക്കുന്ന ഭൂമി സര്‍ക്കാരിന് തിരിച്ചേല്‍പ്പിക്കാനാണ് കളക്ടറാഫീസീന്ന് പറഞ്ഞിരിക്കുന്നത്. ഒന്നും രണ്ടും ഒന്നുമല്ല, നാലേകാല്‍ ലക്ഷം രൂപ. ഇതെവിടെന്ന് എടുത്തുകൊടുക്കാനാണ്. താങ്ങും തണലുമാകുമെന്ന് കരുതിപ്പോന്ന മകന് കാന്‍സറായിരുന്നു. അവന്‍ പോയതോടെ ഞങ്ങള്‍ക്കാരുമില്ല - നിറകണ്ണുകളോടെ മാര്‍ത്ത പറയുന്നു. പ്രായാധിക്യ രോഗങ്ങളും അവശതകളും മറന്ന് മൂന്ന് വിധവകളടക്കം നിത്യരോഗികളായ നാല് പെണ്‍മക്കളുമായി ഇനി ഏതൊക്കെ പടികള്‍ കയറുമെന്നാണ് മാര്‍ത്തയുടെ ചോദ്യം.

മണ്ണുത്തി മുല്ലക്കര ആനക്കൊട്ടിലിന് സമീപമാണ് മാര്‍ത്തയ്ക്കും കുടുംബത്തിനും പട്ടയം ലഭിച്ച ഭൂമി. കഴിഞ്ഞ മാസം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പട്ടയ മേളയില്‍ റവന്യൂ മന്ത്രിയില്‍ നിന്നും പട്ടയം ഏറ്റുവാങ്ങിയതോടെ തങ്ങളുടെ ദുരിതങ്ങള്‍ക്കെല്ലാം ശമനമായെന്ന ആശ്വാസത്തിലായിരുന്നു ഈ കുടുംബം. ഒടുവില്‍ പട്ടയം ഇവര്‍ക്കൊരു കീറാമുട്ടിയായി മാറുകയായിരുന്നു. ദുരിതമായിരുന്നെങ്കിലും അതുവരെ ഉണ്ടായ നേരിയ ആശ്വാസമെല്ലാം തകര്‍ന്നു. മാര്‍ത്തയ്ക്കിത് ഉറക്കമില്ലാത്ത രാത്രികളായി. പത്ത് സെന്റിനും 25 സെന്റിനും ഇടയില്‍ സ്ഥലം പട്ടയം നല്‍കുമ്പോള്‍ സ്ഥല വിലയുടെ പത്ത് ശതമാനം അടയ്ക്കണമെന്ന സര്‍ക്കാര്‍ നിയമമാണ് ഇവര്‍ക്ക് വെല്ലുവിളിയാകുന്നത്.

അന്നന്നത്തേക്ക് അരിവാങ്ങാന്‍ വക കണ്ടെത്തുന്ന കഷ്ടപാടുമായി പൊരുത്തപ്പെട്ടു കഴിഞ്ഞതാണ് മാര്‍ത്തയും കുടുംബവും. 1950 കളില്‍ ആനക്കൊട്ടിലിലെ പണികള്‍ക്കായി ഭര്‍ത്താവ് ചാക്കുണ്ണിയോടൊപ്പം ഇവിടെ താമസം തുടങ്ങിയതാണ് മാര്‍ത്ത. നാലു പെണ്‍കുട്ടികളടക്കം അഞ്ച് മക്കളാണിവര്‍ക്ക്. മകന്‍ കാന്‍സര്‍ ബാധിച്ച് നേരത്തെ മരിച്ചു. നാല് പെണ്‍മക്കളില്‍ മൂന്ന് പേര്‍ വിധവകളും രോഗികളും. ആകെയുള്ള സമ്പാദ്യം വീടും ഒപ്പമുള്ള 14 സെന്റ് സ്ഥലവുമാണ്. മകള്‍ ഓമന കൂലിപ്പണിക്ക് പോയി ലഭിക്കുന്ന ചെറിയ വരുമാനമാണ് വിധവകളായ സ്ത്രീകള്‍ മാത്രമടങ്ങിയ ഈ കുടുംബത്തിന്റെ ഏക ആശ്രയം.

കടം വാങ്ങിയോ ലോണെടുത്തോ പണമടയ്ക്കാമെന്നുവെച്ചാല്‍ തന്നെ പട്ടയഭൂമി പന്ത്രണ്ട് വര്‍ഷക്കാലത്തിന് ശേഷം മാത്രമേ ക്രയവിക്രയം നടത്താനാകൂ എന്ന് ചട്ടമുള്ളത് തിരിച്ചടിയാകുമെന്നാണ് ഇവര്‍ പറയുന്നത്. കൈയ്യിലുള്ളതില്‍ അഞ്ച് സെന്റ് ഭൂമി മാത്രമെടുത്ത് ബാക്കി സര്‍ക്കാരിന് തിരിച്ചു നല്‍കുക മാത്രമേ വഴിയുള്ളൂവെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. സ്ഥലത്തിന് പട്ടയം ലഭിക്കുമെന്നതിനാല്‍ ലൈഫ് അടക്കമുള്ള ഭവന പദ്ധതികളില്‍ നിന്നുപോലും ഇവര്‍ പുറന്തള്ളപ്പെട്ടുവെന്നതും കൂനിന്മേല്‍ കുരുവായി. 

എങ്കിലും തുകയടയ്ക്കാന്‍ കാലാവധി നീട്ടി നല്‍കണമെന്ന് ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനകം തുക അടയ്ക്കണമെന്നും സമയം ദീര്‍ഘിപ്പിച്ച് നല്‍കാനാവില്ലെന്നും കലക്ടറുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചതോടെ കുടുംബമാകെ തകര്‍ന്നു. ഓരോ ദിവസവും തീരുമ്പോള്‍ മാര്‍ത്തയുടെ ഉള്ളില്‍ തീയാണ്. ഇനി അധികാരികളുടെ കനിവ് മാത്രമാണ് മാര്‍ത്തയ്ക്കും കുടുംബത്തിനും തുണയാവുക.

പട്ടയമേള കബളിപ്പിക്കലാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മേളയില്‍ വിതരണം ചെയ്യുന്ന 6,182 പട്ടയത്തില്‍ 5,900 ത്തോളം പട്ടയങ്ങള്‍ പാട്ടാവകാശങ്ങള്‍ ജന്മാവകാശമാക്കി കൊടുക്കുന്ന ക്രയ സര്‍ട്ടിഫിക്കറ്റുകളാണ്. തൃശൂര്‍, തലപ്പിള്ളി താലൂക്കുകളിലായി 72 വനഭൂമി പട്ടയം മാത്രമാണ് നല്‍കുന്നത്. ബാക്കി അപേക്ഷകര്‍ക്ക് പട്ടയം നല്‍കുന്നില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് ആരോപണം.