Asianet News MalayalamAsianet News Malayalam

മുസ്ലീം സംഘടനകളുടെ പ്രതിഷേധം; 'കിത്താബ്' നാടകവുമായി സംസ്ഥാന കലോത്സവത്തിനില്ലെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍

ജനാധിപത്യപരവും മതനിരപേക്ഷവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു വിദ്യാലയത്തിനെ സംശയത്തിന്റെ നിഴലിൽ നിർത്താനാവില്ല. മറ്റൊന്ന് പഠിച്ച് അവതരിപ്പിക്കാൻ സമയമില്ലാത്തതിനാൽ നാടക മത്സരത്തിൽ പങ്കെടുക്കുന്നില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. 

memunda school will not stage kithab drama in state school festival says principal
Author
Kozhikode, First Published Nov 29, 2018, 7:32 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിനിടെ വിവാദമായ 'കിത്താബ്' നാടകവുമായി സംസ്ഥാന സ്കൂള്‍ കലോത്സവത്തിനില്ലെന്ന് മേമുണ്ട ഹയര്‍സെക്കന്‍ററി സ്കൂള്‍. 'കിത്താബി'ല്‍നിന്ന് പിന്മാറുകയാണെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. ജനാധിപത്യപരവും മതനിരപേക്ഷവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു വിദ്യാലയത്തിനെ സംശയത്തിന്റെ നിഴലിൽ നിർത്താനാവില്ല. മറ്റൊന്ന് പഠിച്ച് അവതരിപ്പിക്കാൻ സമയമില്ലാത്തതിനാൽ നാടക മത്സരത്തിൽ പങ്കെടുക്കുന്നില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. 

ഹയർസെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കിത്താബ് എന്ന നാടകത്തിനെതിരെ മുസ്ലീം സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു.  ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തുന്നതാണ് നാടകത്തിന്‍റെ പ്രമേയമെന്നായിരുന്നു ആക്ഷേപം. നാടകത്തിന്‍റെ പ്രമേയത്തില്‍ പ്രതിഷേധിച്ച് മേമുണ്ട സ്കൂളിലേക്ക് യൂത്ത്‍ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. സംഭവത്തില്‍ എസ്എഫ്ഐ പ്രവർത്തകരായ 2 വിദ്യാർത്ഥികൾക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

മുസ്ലീം പള്ളിയിൽ ബാങ്ക്‍വിളിക്കുന്ന മുക്രിയുടെയും മകളുടെയും ജീവിതമാണ് നാടകത്തിന്‍റെ ഇതിവൃത്തം. ബാങ്ക് വിളിക്കാൻ മുക്രിയുടെ മകൾ ആഗ്രഹം പ്രകടിപ്പിക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് നാടകത്തിലുള്ളത്. ഇതാണ് പ്രകോപനത്തിന് കാരണം. 

Follow Us:
Download App:
  • android
  • ios