ശ്രീനഗര്‍: കാശ്മീരില്‍ നിന്ന് കാണാതായ പൊലീസുകാരന്‍ തീവ്രവാദ സംഘത്തില്‍ ചേര്‍ന്നതായി സൂചന. ജമ്മു കാശ്മീരിലെ കാതുവയിലെ പൊലീസ് ട്രെയിനിംഗ് അക്കാദമിയില്‍ നിന്നാണ് ഇസ്ഹാക്ക് അഹമ്മദ് ദറിനെ കാണാതായത്. ഇസ്ഹാക്ക് അഹമ്മദ് ദര്‍ എകെ 47 തോക്ക് ധരിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇസ്ഹാക്ക് ത്രീവ്രവാദ സംഘത്തില്‍ ചേര്‍ന്നതായ സ്ഥിരീകരിച്ചത്.

ഇസ്ഹാക്ക് അഹമ്മദ് ദര്‍ ലക്ഷറെ തയ്ബയില്‍ ചേര്‍ന്നതായാണ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.പൊലീസ് ട്രെയിനിംഗ് ക്യാംപില്‍ നിന്ന് അവധിയില്‍ പോയ ഇസ്ഹാക്ക് അഹമ്മദിനെ ഒക്ടോബറിലാണ് കാണാതായത്. ഷോപ്പിയാന്‍ സ്വദേശിയായ ഇസ്ഹാക്ക് 2012 ലാണ് പൊലീസില്‍ ചേര്‍ന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ആറ് പോലീസുകാരാണ് തീവ്രവാദ സംഘങ്ങളില്‍ ചേര്‍ന്നത്.