തേക്കടയിൽ നിന്നും കാണാതായ 17 വയസ്സുകാരൻ അഭിജിത്ത് മരിച്ച സംഭവത്തിൽ പൊലീസിന് ഗുരുതരവീഴ്ച.

തിരുവനന്തപുരം: തേക്കടയിൽ നിന്നും കാണാതായ 17 വയസ്സുകാരൻ അഭിജിത്ത് മരിച്ച സംഭവത്തിൽ പൊലീസിന് ഗുരുതരവീഴ്ച. കാണാതായതിൽ വട്ടപ്പാറ പൊലീസ് അന്വേഷണം നടത്തുമ്പോൾ ട്രെയിൻ തട്ടി മരിച്ച അഭിജിത്തിനെ ആരുമറിയാതെ പൊലീസ് മറവ് ചെയ്തു. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മാർച്ച് മൂന്നിനാണ് അഭിജിത്തിനെ തേക്കടയിൽ നിന്നും വലിയതുറ സ്വദേശി വിജയ് കൂട്ടികൊണ്ടുപോകുന്നത്. സർബത്തുണ്ടാക്കുന്ന ജോലിക്ക് പോകുന്ന അഭിജിത്ത് വീട്ടിൽ നിന്നും പോയാൽ കുറച്ചുനാളുകള്‍ കഴിഞ്ഞ് മടങ്ങിവരുന്നതാണ് പതിവ്. നാല് ദിവസം കഴിഞ്ഞിട്ടും മകനെ കാണാത്തതിനാൽ അച്ഛൻ ബിജു വട്ടപ്പാറ പൊലിസിനെ സമീപിച്ചു. ഏതെങ്കിലും സ്റ്റേഷനിൽ പിടികൂടിയോയെന്ന് പൊലീസ് പരിശോധിച്ചു. ഒടുവിൽ 14ന് രേഖാമൂലം വട്ടപ്പാറ പൊലീസിൽ പരാതി നൽകി.

അഭിജിത്തിനെ കൂട്ടിക്കൊണ്ടുപോയ വിജയ്ക്കുവേണ്ടി പൊലീസ് അന്വേഷിച്ചെങ്കിലും മൊബൈൽ ഓഫ് ചെയ്ത് മുങ്ങിയിരുന്നു. അഭിജിത്തിന്റെ ചിത്രം ഉള്‍പ്പെടെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ലുക്ക് ഔട്ട് നോട്ടീസിറക്കി. അഭിജിത്തിനുവേണ്ടി അന്വേഷണം നടത്തുമ്പോള്‍ മാർച്ച് 5ന് പേട്ടയിൽ ട്രെയിൻ തട്ടിമരിച്ച അഭിജിത്തിന്റെ മൃതദേഹം മോർച്ചറിയിലേക്ക് പൊലീസ് മാറ്റിയിരുന്നു. ഒരാളെ കാണാതായെന്ന ലുക്ക് ഔട്ട് നോട്ടീസുപോലും പരിശോധിക്കാതെ ഏപ്രിൽ ഒന്നിന് അജ്ഞാതമൃതദേഹമെന്ന് പറഞ്ഞ് അഭിജിത്തിനെ പേട്ട പൊലീസ് സംസ്കരിച്ചു.

ഇന്നലെ അഭിജിത്തിൻെറ സുഹൃത്ത് വിജയിയെ വട്ടപ്പാറ പൊലീസ് കണ്ടെത്തിയപ്പോഴാണ് ട്രെയിൻ തട്ടി മരിച്ച വിവരം അറിയുന്നത്. പേട്ട സ്റ്റേഷനിൽപോയി ഫോട്ടോയിലൂടെ മരിച്ചത് മകനാണെന്ന് അച്ഛൻ ബിജു തിരിച്ചറിഞ്ഞു. സുഹൃത്ത് മരിച്ചതറിഞ്ഞ് പേടിച്ച് നാട്ടുവിട്ടുവെന്നാണ് വിജയ് പൊലീസിനോട് പറയുന്നത്. ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്ന അഭിജിത്ത് മുമ്പ് ചികിത്സയും തേടിയിട്ടുണ്ട്.

ഗുരുതരമായി പിഴവാണ് വട്ടപ്പാറ- പേട്ട പൊലീസിന് ഇക്കാര്യത്തിൽ സംഭവിച്ചത്. മൃതദേഹത്തിന്റെ ചിത്രമടക്കം പൊലീസ് ഗ്രൂപ്പുകളിൽ പേട്ട പൊലീസ് കൈമാറിയിരുന്നു. യുവാവിനായി അന്വേഷണം നടത്തിയ വട്ടപ്പാറ പൊലീസ് ഇത് ശ്രദ്ധിച്ചില്ല. അഭിജിത്തിൻെറ ലുക്ക് ഔട്ട് നോട്ടീസുപോലും പരിശോധിക്കാതെയാണ് മൃതദേഹം സംസ്കരിച്ച പേട്ട പൊലിസും കൈയൊഴിഞ്ഞത്. മകൻെറ മൃതദേഹം പോലും കാണാൻ അച്ഛനമ്മമാ‍ർക്ക് കഴിഞ്ഞില്ല. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പേട്ട പൊലീസ് വിശദീകരണം. പാളത്തിലൂടെ അഭിജിത് നടന്നുവരുമ്പോൾ ട്രെയിൻ തട്ടുന്നതിന് ദൃക്സാക്ഷികൾ ഉണ്ടെന്നാണ് വാദം.

മകനെ കാണാനില്ലെന്ന പരാതി പൊലീസ് അന്വേഷിച്ചില്ല; അജ്ഞാത മൃതദേഹമായി സംസ്‌കരിച്ചെന്നും പരാതി