കണ്ടല്‍ചെടിയുടെ ചുവട്ടില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

മുംബൈ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച 20 കാരിയായ മോഡലിനെ 19 കാരന്‍ കൊലപ്പെടുത്തി. വിദ്യാര്‍ത്ഥിയായ മുസമ്മില്‍ സയിദ് ആണ് മോഡല്‍ മാന്‍സി ദീക്ഷിതിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതി സയ്യിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ അന്ധേരിയിലാണ് കൊലപാതകം നടന്നത്. 

കണ്ടല്‍ചെടിയുടെ ചുവട്ടില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വദേശമായ രാജസ്ഥാനില്‍നിന്ന് ഞായറാഴ്ചയാണ് മാന്‍സി ബംഗൂര്‍ നഗറിലെത്തിയത്. ഹൈദരാബാദ് സ്വദേശിയായ സയ്യിദും ദിവസങ്ങള്‍ക്ക് മുമ്പാണ് നഗരത്തിലെത്തിയത്. 

അന്ധേരിയിലെ മിലന്ത് നഗറിലുള്ള സയ്യിദിന്‍റെ വീട്ടില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. സയ്യിദ് മാന്‍സിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ മാന്‍സി എതിര്‍ത്തതോടെ സ്റ്റൂള്‍ ഉപയോഗിച്ച് സയ്യിദ് മാന്‍സിയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. 

ആക്രമണത്തിന് ശേഷം മാന്‍സിയെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവള്‍ ബോധരഹിതയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവര്‍ അറിയും മുമ്പ് കയര്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു. പിന്നീട് ഒരു ടാക്സി കാര്‍ ബുക്ക് ചെയ്ത് മാന്‍സിയുടെ മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് സയ്യിദ് പൊലീസിന് മൊഴി നല്‍കി.