മുപ്പത്തിയൊന്നുകാരനായ സഹ്ലാവി 2010 ലാണ് ദേശീയ ടീമിലെത്തുന്നത് 40 മത്സരങ്ങളില്‍ നിന്ന് 28 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്

മോസ്കോ: റഷ്യന്‍ ലോകകപ്പിന്‍റെ ഉദ്ഘാടന പോരാട്ടത്തിന്‍റെ ആവേശത്തിലാണ് ഏവരും. ആതിഥേയരായ റഷ്യയും സൗദി അറേബ്യയും പോരടിക്കുമ്പോള്‍ അത് വന്‍കരകള്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ്. ലോകകപ്പ് ചരിത്രത്തില്‍ ഏടുത്തുപറയത്തക്ക നേട്ടങ്ങളൊന്നുമില്ലാത്ത സൗദിയും റഷ്യയും സ്വപ്ന വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. കടലാസിലെങ്കിലും കരുത്തര്‍ സൗദിയാണെന്ന് പറയേണ്ടിവരും.

ലോക റാങ്കിംഗില്‍ റഷ്യയെക്കാള്‍ മുന്നിലാണവര്‍. റഷ്യ 70ാം സ്ഥാനത്തായപ്പോള്‍ സൗദി മൂന്ന് സ്ഥാനങ്ങള്‍ മുന്നിലാണ്. മാത്രമല്ല ഇതിന് മുമ്പ് ഒരിക്കല്‍ മാത്രം ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരെ നാല് ഗോളിന് ജയിച്ചിട്ടുണ്ടെന്നതും സൗദിക്ക് ആത്മവിശ്വാസം നല്‍കുന്നു. ഏഷ്യന്‍ ആരാധകരെ സംബന്ധിച്ചടുത്തോളം സൗദിയുടെ പ്രതീക്ഷകളത്രയും പന്താം നമ്പറിലുള്ള സ്റ്റാര്‍ സ്ട്രൈക്കര്‍ അല്‍ സഹ്ലാവിയിലാണ്.

സൗദി ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ സഹ്ലാവി തന്നെയാകും ഇന്നത്തെ കളിയിലെ ശ്രദ്ധാകേന്ദ്രം. സന്നാഹമത്സരങ്ങളില്‍ ബഞ്ചിലിരുത്തിയ അല്‍ സഹ്ലാവിയെ ഇന്ന് ആദ്യ ഇലവില്‍ത്തന്നെ ഇറക്കുമെന്നാണ് വ്യക്തമാകുന്നത്. ജുവാന്‍ അന്‍റോണിയോ പിസിയെന്ന പരിശീലകനുമായി സ്വരചേര്‍ച്ചയില്ലാത്തതാണ് സഹ്ലാവിക്ക് തിരിച്ചടിയാകുന്നത്. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ സഹ്ലാവിയെ കളത്തിലിറക്കിയേക്കുമെന്ന സൂചന അദ്ദേഹം നല്‍കിയിട്ടുണ്ട്.

മുപ്പത്തിയൊന്നുകാരനായ സഹ്ലാവി 2010 ലാണ് ദേശീയ ടീമിലെത്തുന്നത്. 40 മത്സരങ്ങളില്‍ നിന്ന് 28 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. സൗദിയിലെ മികച്ച കളിക്കാരനായി. 2013/14, 2014/15 വര്‍ഷങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫോമില്ലായ്മ അലട്ടുന്നുണ്ടെങ്കിലും നിര്‍ണായക സമയത്ത് ഗോള്‍ നേടാനുള്ള ശേഷിയാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ സഹ്ലാവിയുടെ ബൂട്ടുകള്‍ വലകുലുക്കിയാല്‍ റഷ്യന്‍ ലോകകപ്പിലെ ആദ്യ ജയം സൗദിയുടെ പോക്കറ്റിലാകുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.