പൊതുഗതാഗത മേഖലയില്‍ നൂറു ശതമാനം സ്വദേശീവല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദേശികള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. സ്വന്തമായി ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് നടത്തുന്ന വിദേശികള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പൊതുഗതാഗത വിഭാഗം മേധാവി റിമ അല്‍ റീമ വ്യക്തമാക്കി. യൂബര്‍, കരീം തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് രംഗത്ത് വിദേശികള്‍ സ്വന്തം വാഹനം ഉപയോഗിച്ച് സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നതിനും വിലക്കുണ്ട്. അനധികൃതമായി ടാക്‌സി സര്‍വീസ് നടത്തുന്ന വിദേശിക്ക് ആദ്യത്തെ തവണ അയ്യായിരം റിയാല്‍ പിഴ ചുമത്തും. കൂടാതെ നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് പിടിക്കപ്പെടുന്നവരെ നാടു കടത്താനും വകുപ്പുണ്ട്. സ്വദേശീവല്‍ക്കരണ പദ്ധതി ആരംഭിച്ചതിനു ശേഷം ടാക്‌സി മേഖലയില്‍ വിദേശികളുടെ എണ്ണം മുപ്പത് ശതമാനമായി കുറഞ്ഞിട്ടുണ്ട്. ടാക്‌സി സേവനങ്ങള്‍ക്കായി സ്വന്തമായി മൊബൈല്‍ ആപ്പളിക്കേഷന്‍ തയ്യാറാക്കാനും ടാക്‌സികള്‍ക്ക് വിവിധ മേഖലകളില്‍ പ്രത്യേക പാര്‍ക്കിംഗ് എരിയകള്‍ സ്ഥാപിക്കാനും ഗതാഗത വകുപ്പിന് നീക്കമുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് സേവനം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സര്‍വീസ് കമ്പനികളുടെ വാഹനങ്ങള്‍ക്ക് പുറമേ സ്വദേശികള്‍ക്ക് സ്വന്തം വാഹനം ഉപയോഗിച്ചും ഈ കമ്പനികള്‍ക്ക് കീഴില്‍ സര്‍വീസ് നടത്താന്‍ ഉപാധികളോടെ അനുമതി നല്‍കും.