ആര്‍ഭാട ജീവിതം നയിച്ച വിജയ്മല്യ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് രാജ്യസഭയിലും അംഗമായി. ഇന്ത്യയില്‍ വ്യവസായികള്‍ക്ക് ബാങ്കുകളെയും സര്‍ക്കാരിനെയും എങ്ങനെ സ്വാധീനിക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമായിരുന്നു മല്യക്കെതിരെയുള്ള കേസുകള്‍. വന്‍ വ്യവസായ ലോകം പടുത്തുയര്‍ത്തിയ മല്യ ആഘോഷങ്ങള്‍ക്ക് പൊടിച്ചത് സാധാരണക്കാരന്റെ പണമെന്ന് പിന്നീട് വ്യക്തമായി. 9000 കോടി മല്യ തിരിച്ചടക്കാനുണ്ടെന്നാണ് 17 ബാങ്കുകള്‍ സംയുക്തമായി സുപ്രീംകോടതിയെ അറിയിച്ചത്. 

ബാങ്കുകള്‍ നല്‍കിയ കേസുകള്‍ക്ക് പുറമെ ജി.എം.ആര്‍ ഗ്രൂപ്പിന് 50 ലക്ഷം രൂപയുടെ കള്ളചെക്ക് നല്‍കി കബളിപ്പിച്ചതിന് ജാമ്യമില്ലാ വാറണ്ട് മല്യക്കെതിരെ നിലവിലുണ്ട്. 900 കോടി രൂപ വിദേശത്തെ കമ്പനികളില്‍ ചട്ടം ലംഘിച്ച് നിക്ഷേപിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസ് വേറെയും. ഒപ്പം കിംഗ്ഫിഷര്‍ ഏയര്‍ലൈന്‍സ് കമ്പനിയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനും മല്യ വിചാരണ നേരിടേണ്ടിവരും. 

ലളിത് മോദിയും മല്യയും ഉള്‍പ്പടെ 10 പേരെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷയിലാണ് ഇപ്പോള്‍ ലണ്ടന്‍ പൊലീസിന്റെ ഈയൊരു നടപടിയെങ്കിലും ഉണ്ടായിരിക്കുന്നത്. 1993ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതി അബുസലീമിനെ 2002ല്‍ പോര്‍ച്ചുഗലില്‍ അറസ്റ്റ് ചെയ്‌തെങ്കിലും ഇന്ത്യക്ക് കൈമാറാന്‍ 2011 വരെ കാത്തിരിക്കേണ്ടിവന്നു. ഇത്തരത്തില്‍ മല്യയുടെ കേസും നീണ്ടുപോയേക്കാം. കേസിനിടെ തന്നെ മല്യക്ക് ബ്രിട്ടീഷ് പൗരത്വം കിട്ടാനുള്ള നീക്കങ്ങള്‍ നടത്താനും സ്വാതന്ത്ര്യമുണ്ട്. അതെന്തായാലും ഇന്ത്യയില്‍ കുറ്റം ചെയ്ത് മുങ്ങുന്നവര്‍ക്ക് ഇപ്പോഴത്തെ ഈ അറസ്റ്റ് ഒരു സന്ദേശമാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍