മുംബൈ: റോഡിലെ തിരക്കില്‍ സിഗ്നലുകള്‍ പോലും കാത്ത് നില്‍ക്കാന്‍ മനസ് കാണിക്കാത്തവര്‍ക്ക് ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ട ആവശ്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്. ചെറുതും വലുതുമായ റോഡ് നിയമങ്ങള്‍ പാലിക്കുന്നത് വാഹനം ഉപയോഗിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഹായമാകുമെന്ന സന്ദേശമാണ് മുംബൈ പൊലീസ് പങ്ക് വച്ചിരിക്കുന്ന വീഡിയോ നല്‍കുന്നത്. 

റോഡ് ക്രോസ് ചെയ്യാന്‍ സിഗ്നല്‍ കാത്ത് നില്‍ക്കുന്ന പൂച്ചയുടെ വീഡിയോ പങ്കുവച്ച് ജനങ്ങള്‍ക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ മുംബൈ പൊലീസിന്റെ ശ്രമം. റോഡ് അപകടങ്ങളും റോഡ് അപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണവും ദിന പ്രതി കൂടി വന്നതോടെയാണ് ബോധവല്‍ക്കരണ മാധ്യമമായി മുംബൈ പൊലീസ് ട്വിറ്ററില്‍ അക്കൗണ്ട് തുറക്കുന്നത്. 

സജീവമായി ഇടപെടലുകള്‍ നടത്തുന്നതിനൊപ്പം ജനങ്ങള്‍ക്ക് പറയാന്‍ ഉള്ളതും മുംബൈ പൊലീസ് അക്കൗണ്ടിലൂടെ നിരീക്ഷിക്കുന്നുണ്ട്. തിരക്കേറിയ റോഡ് വളരെ അശ്രദ്ധമായി ക്രോസ് ചെയ്യുന്നത് ഒഴിവാക്കാന്‍ സന്ദേശം നല്‍കിയാണ് റോഡ് ക്രോസ് ചെയ്യാന്‍ സിഗ്നല്‍ കാത്ത് നില്‍ക്കുന്ന വീഡിയോ മുബൈ പൊലീസ് പങ്ക് വച്ചിരിക്കുന്നത്. 

പൊലീസിന്റെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് ഒപ്പം മുംബൈയിലെ ഗതാഗത നിയന്ത്രണത്തിലെ പോരായ്മകളും വീഡിയോയ്ക്ക് മറുപടി നല്‍കിക്കൊണ്ട് ആളുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.