മുത്തലാഖ് ക്രിമിനൽക്കുറ്റമാക്കുന്ന ബില്ല് ഇന്ന് ലോക്സഭയിലെത്തും.മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം  തടവുശിക്ഷ ഉറപ്പാക്കുന്നതടക്കമുള്ള വ്യവസ്ഥകൾ ഉള്ള ബില്ലിനോട് കോൺഗ്രസും സിപിഎമ്മും വിയോജിക്കുകയാണ്.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോക്സഭയിലെത്തുന്നത്. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ. ഇരകൾക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും  ഉറപ്പ് നൽകുന്നതാണ് ബില്ല്. ഹാജര്‍ ഉറപ്പാക്കാൻ അംഗങ്ങൾക്ക് ബിജെപി വിപ്പ് നൽകി.  മുസ്ലിം ലീഗും ഇടതുപാര്‍ട്ടികളും ബിജു ജനതാദളും  ബില്ലിനെതിരെ രംഗത്തുണ്ട്.

സിവിൽ കേസായ വിവാഹ മോചനം ക്രിമനൽ കുറ്റമാക്കുന്ന മുസ്ലിം വനിത സംരക്ഷണ ബില്ല് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ളതാണെന്നായിരുന്നു സിപിഎം അംഗം മുഹമ്മദ് സലീമിന്‍റെ പ്രതികരണം.  നിര്‍ദ്ദിഷ്ടബില്ല് പിൻവലിക്കണെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. മുത്തലാഖ്  സുപ്രീംകോടതി നിരോധിച്ചിട്ടും വാക്കിലൂടെയും ഫോണിലൂടെയും വാട്സാപ്പിലൂടെയും ഇത്  തുടരുന്ന സാഹചര്യത്തിലാണ് ലിംഗസമത്വം ഉറപ്പാക്കാൻ മുത്തലാഖ് ക്രിമനൽക്കുറ്റമാക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം.