തിരുവനന്തപുരം: അബ്രാഹ്മണരെ ശാന്തിമാരാക്കാനുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ പുതിയ വിഞ്ജാപനത്തെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍. എസ് മാധവന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ചരിത്രത്തില്‍ ആദ്യമായി 6 ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതിനെ പരിഹസിച്ചാണ് എന്‍.എസ് മാധവന്‍റെ ട്വീറ്റ്.
ഉയര്‍ന്ന ജാതികളല്‍പെട്ടവര്‍ക്ക് മാത്രമാണ് കേരളത്തില്‍ പൗരോഹിത്യം സാധ്യമാകുന്നത്. അതിനെ എതിര്‍ക്കാന്‍ കഴിയാതെ അവരുടെ ഭാഗമായി മാറി ആഹ്ലാദ പ്രകടനം നടത്തുന്നത് അടിയറവ് പറയുന്നതിന് തുല്ല്യമാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ ദളിത് ശാന്തിമാര്‍ ഉണ്ടാകുന്നത് കൊണ്ട് വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടാകില്ല എന്നാണ് എന്‍. എസ് മാധവന്‍ പറയുന്നത്.
ജാതിയല്ല മാനദണ്ഡമാക്കേണ്ടത് മറിച്ച് പൂജാവിധികളിലെ അറിവാണെന്ന സുപ്രീം കോടതി വിധി കൂടി കണക്കിലെടുത്താണ് കേരള ദേവസം ബോര്‍ഡിന്‍റെ തീരുമാനം. റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്ക് ആകെ 62 ശാന്തിമാരെ നിയമിക്കുന്നതിനാണ് കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പി എസ് സി മാതൃകയില്‍ എഴുത്തുപരീക്ഷയും, അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക തയ്യാറാക്കിയത്.
