രണ്ടാം ഘട്ട സര്‍വേ തുടങ്ങിയ കുറ്റിപ്പുറത്ത് നിന്ന് തന്നെയാണ് വില നിര്‍ണ്ണയ കണക്കെടുപ്പും തുടങ്ങിയത്.

കുറ്റിപ്പുറം: ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടേയും കെട്ടിടങ്ങളുടേയും വില നിര്‍ണ്ണയ സര്‍വേ മലപ്പുറത്ത് തുടങ്ങി. ഈ സര്‍വേ അടിസ്ഥാനമാക്കിയായിരിക്കും ഭൂമിക്കും കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം തീരുമാനിക്കുന്നത്.

രണ്ടാം ഘട്ട സര്‍വേ തുടങ്ങിയ കുറ്റിപ്പുറത്ത് നിന്ന് തന്നെയാണ് വില നിര്‍ണ്ണയ കണക്കെടുപ്പും തുടങ്ങിയത്. നേരത്തെ അളന്ന് തിട്ടപ്പെടുത്തിയ സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍, മരങ്ങള്‍, കാര്‍ഷിക വിളകള്‍ എന്നിവയുടെ കണക്കുകളാണ് എടുക്കുന്നത്. വീട് അടക്കമുള്ള കെട്ടിടങ്ങളുടെ വില നിശ്ചയിക്കുന്നത് പൊതുമരാമത്ത് വകുപ്പും മരങ്ങളുടേത് സോഷ്യല്‍ ഫോറസ്ട്രിയും കാര്‍ഷിക വിളകളുടെ വില തീരുമാനിക്കുന്നത് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമാണ്. 

ഇങ്ങനെ നിശ്ചയിക്കുന്ന വിലയുടെ ഇരട്ടിയാണ് ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരമായി നല്‍കുന്നത്. ഭൂമിയുടെ വില പിന്നീട് നിശ്ചയിക്കും. ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും ന്യായമായ വില സര്‍ക്കാരില്‍ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഭൂവുടമകള്‍. അടുത്തമാസം അവസാനത്തോടെ വില നിര്‍ണ്ണയം പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുക്കലിലേക്ക് നീങ്ങാനാണ് റവന്യൂ അധികൃതരുടെ തീരുമാനം.