പെലെയാണ് ബ്രസീലിന്‍റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍

മോസ്കോ: ബ്രസീലിയന്‍ ഫുട്ബോളിലെ ഇതിഹാസ നിരയില്‍ നെയ്മറും ഇരിപ്പുറപ്പിച്ചു. കോസ്റ്റാറിക്കയ്ക്കെതിരായ നിര്‍ണായകമായ ലോകകപ്പ് പോരാട്ടത്തില്‍ മുന്നില്‍ നിന്ന് പോരടിച്ച നെയ്മര്‍ തകര്‍പ്പന്‍ ഗോള്‍ നേടി ബ്രസീലിന് ഉജ്ജ്വല ജയമാണ് സമ്മാനിച്ചത്. ജയത്തോടെ ബ്രസീലിന്‍റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം അനായാസമായെന്ന് മാത്രമല്ല റഷ്യന്‍ ലോകകപ്പിലെ ഫേഫറിറ്റുകളുടെ പട്ടികയില്‍ മുന്നിലെത്താനും ബ്രസീലിനായി.

അതിനിടയില്‍ ബ്രസീലിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരില്‍ മൂന്നാമനെന്ന നേട്ടവും നെയ്മര്‍ സ്വന്തമാക്കി. ഫുട്ബോള്‍ ഇതിഹാസം പെലെയും സാക്ഷാല്‍ റൊണാള്‍ഡോയും മാത്രമാണ് ഇനി നെയ്മറിന് മുന്നിലുള്ളത്. കോസ്റ്റാറിക്കയ്ക്കെതിരായ ഇഞ്ചുറി ടൈമിലെ ഗോളോടെ ബ്രസീലിന് വേണ്ടിയുള്ള നെയ്മറുടെ നേട്ടം 56 ആയി ഉയര്‍ന്നു. റൊമാരിയോ ആണ് നെയ്മറിന്‍റെ കുതിപ്പിന് മുന്നില്‍ വീണത്.

87 മത്സരങ്ങളില്‍ നിന്നാണ് നെയ്മര്‍ 56 ഗോളുകള്‍ കണ്ടെത്തിയത്. റൊമാരിയോ 70 മത്സരങ്ങളില്‍ നിന്ന് 55 തവണയാണ് വല കുലുക്കിയിട്ടുള്ളത്. പെലെയാണ് ബ്രസീലിന്‍റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍. 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകളാണ് ഇതിഹാസതാരം സ്വന്തമാക്കിയിട്ടുള്ളത്. 98 മത്സരങ്ങളില്‍ നിന്ന് 62 ഗോളുമായി റൊണാള്‍ഡോയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

ഏറെക്കാലം കളത്തില്‍ വിലസാമെന്നതിനാല്‍ നെയ്മര്‍ ഇവരുടെ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുമെന്നാണ് ആരാധകരുടെ പക്ഷം. റൊണാള്‍ഡോയുടെ റെക്കോര്‍ഡ് ഈ ലോകകപ്പില്‍ തന്നെ മറികടക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.