ഇടുക്കി: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ ഭൂമി സ്വന്തമാക്കിയ വന്‍കിടക്കാര്‍ക്കെതിരെ റവന്യൂ വകുപ്പിന്റെ നടപടി തുടരുന്നു. പെരുമ്പാവൂരിലെ സി.പി.എം. നേതാവ് ജോണ്‍ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ പ്ലാന്റേഷന്‍, ചെന്നൈയിലെ ജോര്‍ജ് മൈജോ കമ്പനിക്കും ദേവികുളം സബ് കലക്ടര്‍ നോട്ടിസ് അയച്ചു. ഭൂമിയുടെ രേഖകളുമായി നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. 

കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമായ കൊട്ടാക്കമ്പൂര്‍ വില്ലേജിലെ 58 -ാം നമ്പര്‍ ബ്ലോക്കില്‍ ഭൂമി കൈവശപ്പെടുത്തിയവര്‍ക്കെതിരെയാണ് റവന്യൂ വകുപ്പിന്റെ നടപടി. 99 തണ്ടപ്പേരുകളിലായി 320 ഏക്കര്‍ ഭൂമിയാണ് ചെന്നൈ ആസ്ഥാനമായ ജോര്‍ജ് മൈജോ കമ്പനി കൈവശപ്പെടുത്തിയത്. ഫെബ്രുവരി ആദ്യവാരം രേഖകളുമായി ഹാജരാകാനാണ് ദേവികുളം സബ് കലക്ടര്‍ വി.ആര്‍.പ്രേംകുമാറിന്റെ നിര്‍ദേശം. 

വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വ്യാജ രേഖകള്‍ ചമച്ചാണ് കമ്പനി ഭൂമി സ്വന്തമാക്കിയതെന്ന് കണ്ടെത്തി, പട്ടയങ്ങള്‍ റദ്ദാക്കണമെന്നും ശുപാര്‍ശ ചെയ്തിതിരുന്നു. കടലാസ് കമ്പനിയെന്ന് വ്യക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കി. കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ റജിസ്‌ട്രേഷന്‍ നടന്നത് എറണാകുളം ജില്ലയിലെ കുറുപ്പംപടി സബ് റജിസ്ട്രാര്‍ ഓഫീസിലാണ്. ജനുവരി മൂന്നാംവാരമാണ് കമ്പനി കൈ ഭൂരേഖകള്‍ ഹാജരാക്കണമെന്നാണ് നോട്ടിസ്.