നീതി കിട്ടുന്നതിനും കേസ് പൂര്‍ത്തിയാകുന്നതിനുള്ള കാത്തിരിപ്പിന്റെ കാലമാണ് ഇരകളെ സംബന്ധിച്ചിടത്തോളം നിര്‍ഭയ ഹോമിലെ ജീവിതം. ഓരോ നിര്‍ഭയ ഹോമിലും 25 പേര്‍ക്കുളള താമസ സൗകര്യമാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ 11 നിര്‍ഭയ ഹോമുകളിലായി താമസിക്കുന്നത് 321 പേരാണ്. തിരുവനന്തപുരം ജില്ലയിലെ മൂന്ന് ഹോമുകളില്‍ മാത്രം താമസിക്കുന്നത് 113 പേര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കേസില്‍പ്പെട്ട് നിര്‍ഭയയില്‍ എത്തിയ പെണ്‍കുട്ടികളുടെ എണ്ണം 600ലേറെയാണ്. ഒട്ടുമുക്കാല്‍പേരും ഹ്രസ്വകാലത്തെ താമസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങും. എന്നാല്‍ കുടുംബാംഗങ്ങള്‍ തന്നെ പ്രതിയായവരുടെ എണ്ണം കൂടി വരുന്നതിനാല്‍ പല കുട്ടികള്‍ക്കും വീട്ടിലേക്ക് മടങ്ങാനാകാത്ത സ്ഥിതിയാണ്.
ലൈംഗിക ചൂഷണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് നിയമസഹായവും വിദ്യാഭ്യാസവും അടക്കം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 2012ല്‍ നിര്‍ഭയ ഹോമുകള്‍ തുടങ്ങിയത്. നാലു വര്‍ഷം പിന്നിടുമ്പോഴും ഈ സംവിധാനത്തിന്റെ ബാലാരിഷ്‌ടതകള്‍ മാറിയിട്ടില്ല. പല ഹോമുകളും പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്‍. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മറ്റൊരു പ്രശ്നം. താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഹോമുകളില്‍ 10 വര്‍ഷത്തിലേറെയായി താമസിക്കുന്നവര്‍ വരെയുണ്ട്. ഇവരില്‍ എത്രപേരെ സ്വയം പര്യാപ്തരാക്കാനും പൊതു സമൂഹത്തില്‍ സാധാരണ ജീവിതമൊരുക്കാനും നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നതാണ് പ്രസക്തമായ ചോദ്യം.
