ട്രാഫിക് പൊലീസ് പിടികൂടി കൊല്ലം സ്റ്റേഷനിലെത്തിച്ച പദ്മരാജനെയും സുഹൃത്തിനേയും അറസ്റ്റ് ചെയ്ത് മദ്യപിച്ച് വാഹനമോടിച്ചതിന് മാത്രം കേസെടുത്ത് ജാമ്യത്തില്‍ വിട്ടു
കൊല്ലം: മദ്യലഹരിയില്‍ പെൺകുട്ടിയെ അപമാനിക്കുകയും വാഹനാപകടം ഉണ്ടാക്കുകയും ചെയ്ത എഎസ്ഐയ്ക്കെതിരെ നിസാര വകുപ്പുകൾ മാത്രം ചുമത്തി പൊലീസ്. വാഹനാപകടക്കേസ് ഒത്ത് തീര്‍ത്ത ശേഷം ഇയാളെ നിസാര വകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടു. വിശദമായ അന്വേഷണം നടത്തിയ ശേഷം മറ്റ് വകുപ്പുകള്‍ ചുമത്താമെന്നാണ് പൊലീസ് വിശദീകരണം.
ഞാറാഴ്ച വൈകിട്ടാണ് മദ്യപിച്ച് ലെക്കുകെട്ട് കാറിലെത്തിയ കൊല്ലം സിറ്റി പൊലീസ് ടെലി കമ്മ്യൂണിക്കേഷൻസിലെ എഎസ്ഐ പദ്മരാജൻ മൂന്ന് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചത്. ബീച്ച് റോഡില്‍ വച്ച് പെണ്‍കുട്ടികള്‍ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി അസഭ്യം കാണിച്ചു. ട്രാഫിക് പൊലീസ് പിടികൂടി കൊല്ലം സ്റ്റേഷനിലെത്തിച്ച പദ്മരാജനെയും സുഹൃത്തിനേയും അറസ്റ്റ് ചെയ്ത് മദ്യപിച്ച് വാഹനമോടിച്ചതിന് മാത്രം കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.
ഇയാളുടെ കാറില്‍ നിന്നും മദ്യക്കുപ്പികളും മദ്യം നിറച്ച ഗ്ലാസും പൊലീസ് കണ്ടെടുത്തു. എഎസ്ഐ പദ്മരാജനൊപ്പമുണ്ടായിരുന്ന സുഹൃത്ത് പ്രേമിനെതിരെയും നിസാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കാറില്‍ ഇവരോടൊപ്പം മറ്റ് രണ്ട് പേരും കൂടി ഉണ്ടായിരുന്നെങ്കിലും അവര്‍ക്കെതിരെ കേസെടുത്തതുമില്ല. ഇതിനിടയില്‍ താനും സഹപ്രവര്‍ത്തകരും ഇടപെട്ട് കേസുകള്‍ ഒത്തുതീര്‍ത്തെന്ന് പറയുന്ന പദ്മരാജന്‍റെ ഓഡിയോ സന്ദേശവും പുറത്തായി.
